കപിൽ ദേവിന്റെ പകരക്കാരനായി ദേശീയ ടീമിലേക്കുള്ള കേരളത്തിന്റെ കണ്ടെത്തൽ:താരത്തിന് പിന്നീട് സംഭവിച്ചത്

‘കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായി സുനിൽ ഒയാസിസിനെ തിരഞ്ഞെടുത്തു’, വർഷം 2001, ദിവസം ഒക്ടോബർ 29, ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് പേജിൽ ഉണ്ടായിരുന്ന ഒരു തലക്കെട്ട് ഇങ്ങനെ ആയിരുന്നു. സുനിൽ ഒയാസിസ്‌, ഇന്ന് പലരും മറന്നു തുടങ്ങിയ പേര്, അല്ലെങ്കിൽ ഇന്ന് പലർക്കും പരിചിതമല്ലാത്ത പേര്. എന്നിരുന്നാലും, പ്രതിഭ കൊണ്ടും, കണക്കുകൾ കൊണ്ടും, കേരള ക്രിക്കറ്റ്‌ ചരിത്രത്തിൽ നിന്ന് ഒരിക്കലും മായിച്ചു കളയാൻ സാധിക്കാത്ത പേര്.

1973-ൽ കോഴിക്കോട് ജനിച്ച സുനിൽ ചന്ദ്രശേഖരൻ ഒയാസിസ്, കേരള ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു. അദ്ദേഹം ആദ്യമായി അനന്തപത്മനാഭൻ നയിച്ച കേരള ടീമിലൂടെയാണ് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, വലങ്കയ്യൻ ബാറ്ററായും വലങ്കയ്യൻ മീഡിയം പേസ് ബൗളറായും കേരള ടീമിൽ അദ്ദേഹം നിറഞ്ഞു നിന്നു.

ഒയാസിസ്‌ കേരള ടീമിൽ വരവറിയിച്ച സമയത്താണ്, ഇന്ത്യയിലേക്ക് ആദ്യ ലോകകപ്പ് എത്തിച്ച ക്യാപ്റ്റൻ കപിൽ ദേവ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. തുടർന്ന്, ഇന്ത്യ ഒരു ഓൾറൗണ്ടർക്ക് വേണ്ടിയുള്ള പരതൽ ആരംഭിച്ചു. പലരെയും പരീക്ഷിച്ചു, എന്നാൽ കപിൽ ദേവിന് ഒരു പകരക്കാരനെ ഇന്ത്യക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല. പലരും, അന്ന് കരുതിയത് ഇന്ത്യൻ സെലക്ടർമാരുടെ റഡാർ, ഒയാസിസ്‌ എന്ന കോഴിക്കോട്ടുകാരനിലേക്ക് ചൂണ്ടും എന്നായിരുന്നു. എന്നാൽ, അത് വെറും പ്രതീക്ഷകൾ മാത്രമായി, അനന്തപത്മനാഭനെയും, രാം പ്രകാശിനെയുമൊക്കെ തഴഞ്ഞ പോലെ, ദേശീയ ടീമിന്റെ സെലക്ടർമാർ ഒയാസിസിനെയും തഴഞ്ഞു. ഒരുപക്ഷെ, സെലക്ടർമാരുടെ റഡാറിന്റെ പരിധിയിൽ അന്ന് കേരളം ഇല്ലായിരിക്കും.

എന്നാൽ, 2001-ൽ കേരള ടീമിന്റെ ക്യാപ്റ്റനായ ഒയാസിസിന്, ക്യാപ്റ്റൻ എന്ന നിലയിൽ അസാധാരണമായി ഒന്നും നേടാൻ ആയില്ലെങ്കിലും, ടിനു യോഹന്നാൻ ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തിയതും, ഇന്ത്യയുടെ ലോകകപ്പ് താരം എസ് ശ്രീശാന്ത് കേരള ടീമിൽ അരങ്ങേറ്റം കുറിക്കുന്നതും ഒയാസിസ്‌ കേരള ടീമിന്റെ നായകനായിരിക്കുമ്പോൾ ആണെന്നതിൽ അദ്ദേഹത്തിന് ഇന്നും അഭിമാനിക്കാം. ഒടുവിൽ, കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 74 മത്സരങ്ങളിൽ 3,906 റൺസും 89 വിക്കറ്റുകളും വീഴ്ത്തിയ ഒയാസിസ് 2004-ൽ കേരള ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി.