രാജസ്ഥാൻ ടീമംഗങ്ങളോട് നന്ദി പ്രകടനം നടത്തി സഞ്ജു സാംസൺ ; ക്യാമ്പ് വിട്ട് വീട്ടിലേക്ക് പോകാൻ തോന്നുന്നില്ലെന്ന് സഞ്ജു

ഐപിഎൽ 2022 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് രണ്ടാം കിരീടം എന്ന സ്വപ്നം ബാക്കിവെച്ച് നിരാശയോടെ മടങ്ങേണ്ടി വന്ന ശേഷം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ തന്റെ ടീമിനോട് പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തി. തനിക്ക് ഇതുപോലൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനമാണെന്ന് പറഞ്ഞാണ് സഞ്ജു സാംസൺ തന്റെ പ്രസംഗം തുടങ്ങിയത്. ഇനിയും ഈ ടീമിനൊപ്പം തുടരാനും കളിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

“നമ്മൾ ടൂർണമെന്റിലുടനീളം കളിച്ച ക്രിക്കറ്റിന്റെ നിലവാരം ഓർത്ത് ഞാൻ വളരെയധികം അഭിമാനിക്കുന്നു, ഇതുപോലൊരു ടീമിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു. എനിക്ക് 27 വയസ്സ് മാത്രമാണ് പ്രായം, ഞാൻ ഇന്ന് ഈ ടീമിന്റെ ക്യാപ്റ്റൻ ആണ്. നമ്മളൊരുമിച്ച് ക്രിക്കറ്റ്‌ കളിക്കാൻ ഗ്രൗണ്ടിലേക്ക് നടക്കുന്ന സമയം ഉണ്ടെല്ലോ, അന്നേരം എനിക്ക് തോന്നുന്ന വികാരം ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ്. ശരിയാണ്, ഇന്ന് നമ്മൾ എല്ലാവരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ എന്നോട് ഇവിടെ നിൽക്കാൻ ആവശ്യപ്പെട്ടാൽ, എല്ലാവരുമായി ഒരുമിച്ച് താമസിച്ച് കുറച്ച് ഗെയിമുകൾ കൂടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു സാംസൺ പറയുന്നു.

“പിന്നെ സപ്പോർട്ട് സ്റ്റാഫിനും ഫിസിയോകൾക്കും മസാജ് ചെയ്യുന്നവർക്കും ഈ അവസരത്തിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു മികച്ച പ്രസംഗം നടത്തുന്നതിനിടയിൽ യാതൊരു പ്രശ്നവുമില്ലാതെ അത്താഴം കഴിച്ചതിന് ഹെറ്റ്മയറിന് നന്ദി പറയുന്നു,” സഞ്ജു പ്രസംഗിക്കുന്നതിന് മുന്നിലിരുന്ന് അത്താഴം കഴിക്കുന്ന സഹതാരം ഹെറ്റ്മയറിനെ നോക്കി സഞ്ജു തമാശയായി പറഞ്ഞു. അതുകേട്ട മറ്റു ടീമംഗങ്ങൾ ചിരിക്കാൻ തുടങ്ങി.

രാജസ്ഥാൻ റോയൽസിന്റെ മികച്ച ഐ‌പി‌എൽ സീസണിനെക്കുറിച്ച്, ടീം ഡയറക്ടർ കുമാർ സംഗക്കാരയും ചുരുങ്ങിയ വാക്കുകൾ പറഞ്ഞു. “നമ്മളെ ഇവിടെ എത്തിച്ച പ്രക്രിയയെയും നമ്മൾ കളിച്ച മഹത്തായ ക്രിക്കറ്റിനെയും നമ്മൾ എല്ലാവരും അഭിനന്ദിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നമുക്ക് അവസരങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഒരു ഫൈനലിൽ ജയിക്കാൻ ചെയ്യാൻ പ്രത്യേക പരിശ്രമം ആവശ്യമാണ്, ഗുജറാത്ത് അർഹരായ വിജയികളായിരുന്നു. നമ്മൾ അവർക്കെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ നമ്മളെ തോൽപ്പിച്ചു. ആ ദിവസം അവർ മികച്ചവരായിരുന്നുവെന്നും തോൽക്കുന്നതിൽ ലജ്ജപാടില്ലെന്നും അത് തെളിയിക്കുന്നു,” ശ്രീലങ്കൻ ഇതിഹാസം പറഞ്ഞു.

Rate this post