പാകിസ്ഥാനെതിരെ കളിക്കാനുള്ള ടീം റെഡി!!വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

ട്വന്റി ട്വന്റി ലോകകപ്പ് ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടും ഉള്ള ക്രിക്കറ്റ് ആരാധകർ. ചിരവൈരികളായ പാക്കിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ നായകൻ രോഹിത് ശർമ മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ ടീമിന്റെ ലോകകപ്പ് മുന്നൊരുക്കത്തെ കുറിച്ച് പറയുകയുണ്ടായി.

ഈ എല്ലാ ബഹളങ്ങൾക്കിടയിലും എല്ലാവരും ഉറ്റുനോക്കുന്നത് ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യയുടെ പ്ലയിങ് ഇലവൻ എങ്ങനെയായിരിക്കും എന്നുള്ളതാണ്. അതിനെപ്പറ്റി നിങ്ങളാരും വ്യാകുലപ്പെടേണ്ട, കാരണം ഏറ്റവും മികച്ച പതിനൊന്ന് പേരാണ് അന്ന് ഇന്ത്യക്ക് വേണ്ടി ഇറങ്ങുക. അന്ന് കളിക്കുന്ന പതിനൊന്ന് പേർ ആരൊക്കെയാണ് എന്ന് താൻ എല്ലാവരോടും വ്യക്തമാക്കിയിട്ടുണ്ട്, രോഹിത് പറയുന്നു.ഒന്നും അവസാന നിമിഷത്തേക്ക് വയ്ക്കുന്ന ഒരാളല്ല താനെന്നും കളിക്കാർക്ക് മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ മനസ്സിനെ അതിനായി ഒരുക്കി എടുക്കാൻ വേണ്ടിയാണ് മുൻകൂട്ടി നിശ്ചയിച്ചതെന്നും രോഹിത് വ്യക്തമാക്കി.

പാക്കിസ്ഥാൻ താരങ്ങളുമായി വളരെ മികച്ച സൗഹൃദം തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെല്ലാം വിചാരിക്കുന്ന പോലെയല്ല, ഞങ്ങൾക്ക് സംസാരിക്കാനുള്ളത് കുടുംബകാര്യങ്ങളൊക്കെയാണ്, ഏത് കാർ വാങ്ങി.. ലൈഫ് എങ്ങനെ പോകുന്നു എന്നൊക്കെ.. അല്ലാതെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും സംസാരിക്കില്ല.

പരുക്ക് മൂലം ലോകകപ്പ് നഷ്ടമായ ഇന്ത്യയുടെ സീനിയർ പേസർ ജസ്പ്രീത് ബൂംറയെക്കുറിച്ചും രോഹിത് സംസാരിക്കുകയുണ്ടായി. കളിയാകുമ്പോൾ പരിക്കുകൾ ഉണ്ടാകുക സ്വാഭാവികമാണ്. അത് പുതിയ താരങ്ങൾക്ക് അവരുടെ കഴിവ് ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള അവസരം നൽകുന്നു. ബൂംറയെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും നന്നായി തിളങ്ങുന്ന ഒരു താരമാണ്. അദ്ദേഹത്തിന് 27-28 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഇന്ത്യക്കായി ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഈ അവസരത്തിൽ വിദഗ്ധരുമായി സംസാരിച്ചപ്പോൾ അവരും അതുതന്നെയാണ് പറഞ്ഞത്. ലോകകപ്പ് ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്; അതുപോലെ അദ്ദേഹത്തിന്റെ കരിയറും. ഞങ്ങൾ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യും, രോഹിത് വ്യക്തമാക്കി.