ക്രിക്കറ്റ്‌ നിർത്തി പിതാവിന്റെ ഓട്ടോ ഓടിക്കു എന്ന് പറഞ്ഞ് പലരും പരിഹസിച്ചു ; എംഎസ് ധോണിയുടെ ഉപദേശം പ്രചോദനമായി എന്ന് ഇന്ത്യൻ പേസർ മുഹമ്മദ്‌ സിറാജ്

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ക്രിക്കറ്റ്‌ കരിയർ ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടത്തിയ കുതിച്ചുചാട്ടത്തിലൂടെ മുഹമ്മദ്‌ സിറാജ് ഇന്ത്യൻ ടീമിലെ മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി വളർന്നു. എന്നാൽ, ഐപിഎല്ലിൽ ആർസിബിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, തന്റെ കരിയറിന്റെ തുടക്കത്തിൽ കൂടുതൽ റൺസ്‌ വഴങ്ങുന്ന മോശം ബൗളർ എന്ന ലേബലിലാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് കോഹ്‌ലിയെ ഉൾപ്പടെ ആർസിബി 2022 ഐപിഎൽ സീസണിലേക്ക് നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാളാണ് സിറാജ്.

ഈ മാറ്റം സിറാജിന്റെ വ്യക്തിഗത വളർച്ചയെ വരച്ചു കാട്ടുമ്പോൾ, തന്റെ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട പ്രയാസങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സിറാജ്. നിലവിൽ, വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ഭാഗമായ സിറാജ്, ആർ‌സി‌ബി പോഡ്‌കാസ്റ്റുമായി സംസാരിക്കുന്നതിനിടയിലാണ് പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷം മുൻ ഇന്ത്യൻ നായകൻ എം‌എസ് ധോണിയിൽ നിന്ന് തനിക്ക് ലഭിച്ച ഒരു ഉപദേശവും സിറാജ് ഓർത്തെടുത്തു.

“ഞാൻ ഐപിഎല്ലിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ എന്റെ ജീവിതം മെച്ചപ്പെട്ടു. പിതാവ് ഓട്ടോ ഓടിക്കുന്നത് നിർത്തി, ഞങ്ങൾ ഒരു പുതിയ വീട് വാങ്ങി. അന്നേരം എനിക്ക് ജീവിതത്തിൽ ഇതിൽ കൂടുതൽ മറ്റൊന്നും ആവശ്യമില്ലായിരുന്നു. അന്ന് ഞാൻ ക്രിക്കറ്റിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. എന്നാൽ, അന്ന് ആളുകൾ എന്നെ വളരെയധികം ട്രോളിയത് ഞാൻ ഓർക്കുന്നു. പലരും എന്നോട് ക്രിക്കറ്റ്‌ നിർത്തി ഓട്ടോ ഓടിക്കാൻ പോവാൻ പറഞ്ഞു,” ഇന്ത്യൻ ഫാസ്റ്റ് ബൗളർ പറയുന്നു.

“ഞാൻ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മഹി ഭായ് എന്നോട് ഒരു കാര്യം പറഞ്ഞു, ‘നീ മറ്റാരും പറയുന്നത് കേൾക്കരുത്. ഇന്ന് നീ നന്നായി കളിക്കും, എല്ലാവരും നിന്നെ പ്രശംസിക്കും. നാളെ, നീ മോശം പ്രകടനം നടത്തുമ്പോൾ, അതേ ആളുകൾ നിന്നെ താഴെയിറക്കും. അതുകൊണ്ട്, ഒരിക്കലും അത്തരം അഭിപ്രായങ്ങൾ വിലക്കെടുക്കരുത്’ ആ ഉപദേശം എനിക്ക് പ്രചോദനമായി. അന്ന് എന്നെ പരിഹസിച്ച അതേ ആളുകൾ എന്നെ ഇപ്പോൾ ‘മികച്ച ബൗളർ’ എന്ന് വിളിക്കുന്നു. എന്നാൽ, എനിക്ക് അതിൽ സന്തോഷമില്ല. ഞാൻ അന്നും ഇന്നും അതേ സിറാജ് തന്നെയാണ്,” മുഹമ്മദ്‌ സിറാജ് പറഞ്ഞു