അവസാനം വരെ പോരാടി വെള്ളിയിൽ ഒതുങ്ങി ഇന്ത്യൻ ടീം!! സ്വർണ്ണ നേട്ടത്തിൽ വീണ്ടും ഓസ്ട്രേലിയ

കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി. എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 161 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 152 റൺസിന് ഓൾഔട്ടായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ഓസ്ട്രേലിയയോടെ പരാജയം വഴങ്ങിയിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ അലിസ ഹീലിയെ (7) ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, ഓപ്പണർ ബെത് മൂണിയും (61), ക്യാപ്റ്റൻ മെഗ് ലാനിംഗും (36) ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് ഓസ്ട്രേലിയക്ക് കരുത്തായി. ഓൾറൗണ്ടർ ആഷ്‌ലി ഗാർഡ്നർ (25), റഷേൽ ഹയ്ന്സ് (18*) എന്നിവർ കൂടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 161 റൺസ് നേടി.

ഇന്ത്യക്ക് വേണ്ടി സ്നേഹ് റാണയും രേണുക സിംഗും രണ്ട് വീതം വിക്കറ്റുകൾ നേടി. അതേസമയം, 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായി. മികച്ച ഫോമിൽ ഉണ്ടായിരുന്ന സ്മൃതി മന്ദാന (6), ഷഫാലി വർമ്മ (11) എന്നിവർ നേരത്തെ മടങ്ങിയെങ്കിലും, ജെമീമ റോഡ്രിഗസും (33) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (65) ചേർന്ന് മൂന്നാം വിക്കറ്റിൽ സൃഷ്ടിച്ച 96 റൺസ് കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നൽകി.

ജെമീമ റോഡ്രിഗസിനെ പുറത്താക്കി ആഷ്‌ലി ഗാർഡ്നർ ആ കൂട്ടുകെട്ട് പൊളിച്ചതിനുശേഷം പിന്നീട് ആർക്കും ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ആയില്ല. മാത്രമല്ല, പിന്നീട് ക്രീസിൽ എത്തിയ ദീപ്തി ശർമ്മ (13) ഒഴിച്ച് മറ്റാർക്കും രണ്ടക്കം കാണാൻ പോലും സാധിച്ചില്ല. ഇതോടെ, ഇന്ത്യ 19.3 ഓവറിൽ 152 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയക്കായി ആഷ്‌ലി ഗാർഡ്നർ 3 വിക്കറ്റ് വീഴ്ത്തി.