കോഹ്‌ലിയും സൂര്യകുമാറും ടീമിൽ തിരിച്ചെത്തുമ്പോൾ ശ്രേയസ് അയ്യർ എവിടെ കളിക്കും ; അയ്യരുടെ പൊസിഷൻ കണ്ടെത്തി സുനിൽ ഗവാസ്‌കർ

ശ്രീലങ്കക്കെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങളടങ്ങിയ ഹോം പരമ്പര തൂത്തുവാരിയതിന്റെ തിളക്കത്തിലാണ് ടീം ഇന്ത്യ. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദസുൻ ഷനകയുടെ നേതൃത്വത്തിലുള്ള ദ്വീപുകാരെ വൈറ്റ്‌വാഷ് ചെയ്ത് പരമ്പര നേടിയപ്പോൾ, തുടർച്ചയായ 12-ാം ടി20 വിജയത്തോടെ, ക്രിക്കറ്റിലെ കുട്ടി ഫോർമാറ്റിൽ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ എന്ന നേട്ടത്തിൽ അഫ്ഗാനിസ്ഥാനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യ.

മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, വൈറ്റ് ബോൾ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ, ഋഷഭ് പന്ത്, മുഹമ്മദ്‌ ഷമി, തുടങ്ങിയവരുടെ അഭാവത്തിൽ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ആവേശ് ഖാൻ തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങളുടെ മികവിൽ പരമ്പര നേട്ടം കൈവരിച്ചത് ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് വെളിപ്പെടുത്തുന്നതാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

എന്നിരുന്നാലും, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് തുടങ്ങിയവർ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ, ശ്രേയസ് അയ്യർ ബാറ്റിംഗ് ഓർഡറിൽ ഏത് പൊസിഷനിൽ ഇറങ്ങും എന്നത് ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ഒരു തലവേദനയാണ്. ഇപ്പോൾ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. “ഇത് ഒരു വലിയ പ്രശ്നമാണ്. വിരാട് കോഹ്‌ലിക്ക് പകരക്കാരന്റെ റോളിലിരിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. അവൻ മിക്കവാറും നമ്പർ 3-യിൽ തിരിച്ചുവരും, അതിനെക്കുറിച്ച് ഒരു സംശയവും നിലനിൽക്കുന്നില്ല,” ഗവാസ്‌കർ പറയുന്നു.

“എന്നാൽ, ശ്രേയസ് അയ്യരെ പോലെയുള്ള ഒരാളെ നമുക്ക് ബാറ്റിംഗ് ഓർഡറിലെ 4, 5 പോസിഷനുകളിലും ഉപയോഗിക്കാം. കൂടാതെ, സൂര്യകുമാർ ബാറ്റ് ചെയ്യുന്ന രീതി അനുസരിച്ച്, അദ്ദേഹത്തെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം. ഇത്‌ ടീമിനെ സംബന്ധിച്ചിടത്തോളം പ്ലസ് മാത്രമാണ്. ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. പിന്നെ, ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരില്ല എന്നത് ശരി തന്നെ, പക്ഷെ, മികച്ച ബാറ്റ്‌സ്മാൻമാർ ഉള്ള സാഹചര്യത്തിൽ മുഹമ്മദ് സിറാജ്, ആവേശ് ഖാൻ തുടങ്ങിയ മികച്ച ബൗളർമാരെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും,” ഗവാസ്‌കർ പറഞ്ഞു.