ഹാർദിക് പാണ്ഡ്യയെ വരുന്ന ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ കളിപ്പിക്കരുത് ; കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി

ഐപിഎൽ 2022-ൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനായി തന്റെ മികച്ച ഓൾറൗണ്ട് ഷോയിലൂടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ മൈതാനത്ത് അതിശയകരമായ തിരിച്ചുവരവ് നടത്തിയിരുന്നു. ബറോഡയിൽ നിന്നുള്ള 28-കാരൻ അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി ഫിനിഷ് ചെയ്യുകയും എട്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കൂടാതെ, അവരുടെ ആദ്യ ശ്രമത്തിൽ തന്നെ അവരെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനായി മാറുകയും ചെയ്തു.

ഇതോടെ ഇപ്പോൾ, ഏകദേശം ആറ് മാസത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷം, ഹാർദിക് തന്റെ കഴിവുകൾ പുറത്തെടുത്തുകൊണ്ട് ഇന്ത്യൻ ജേഴ്സിയിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരിക്കുകയാണ്. എന്നാൽ, അഞ്ച് മാസത്തിനുള്ളിൽ മറ്റൊരു ടി20 ലോകകപ്പ് നടക്കാനിരിക്കെ, ഹാർദിക്ക് തന്റെ ജോലിഭാരം നിയന്ത്രിക്കണമെന്നും ഈ വർഷത്തെ ടി20 ലോകകപ്പ് വരെ കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ മാത്രം കളിക്കുന്നത് പരിഗണിക്കണമെന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ആഗ്രഹിക്കുന്നു.

“ഹാർദിക് ഒരു ഓൾറൗണ്ടറായി ടീമിലേക്ക് മടങ്ങി വരും. അദ്ദേഹത്തിന് മതിയായ വിശ്രമമുണ്ട്, അതുകൊണ്ടുതന്നെ അയാൾക്ക് തന്റെ ഫോം തുടരാനാകും. എന്നാൽ, വരുന്ന ലോകകപ്പിന് മുന്നോടിയായി ഹാർദിക്കിനെ ടി20 ഫോർമാറ്റിൽ മാത്രമേ കളിപ്പിക്കാവു. ഹാർദിക്കിനെ ഏകദിന ക്രിക്കറ്റ് കളിപ്പിച്ച് റിസ്ക് എടുക്കരുത്,” സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാനിൽ ശാസ്ത്രി പറഞ്ഞു.

“ഹാർദിക്, ടീമിലെ രണ്ട് കളിക്കാരുടെ ജോലി ചെയ്യുന്നു. ഒരു ബാറ്ററായി കളിക്കുന്ന ഹാർദിക് പാണ്ഡ്യ ആദ്യ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യണം എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ഹാർദിക് പാണ്ഡ്യ ഒരു ഓൾറൗണ്ടറായി കളിക്കുമ്പോൾ, അദ്ദേഹം അഞ്ച്, ആറ് എന്നിങ്ങനെയുള്ള ലോ-മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യാൻ തയ്യാറാകണം. അതോടൊപ്പം, ഒരു കളിയിൽ രണ്ട്-മൂന്ന് ഓവർ എറിയുക,” മുൻ ഇന്ത്യൻ ഹെഡ് കോച്ച് പറഞ്ഞു.