ശ്രേയസ് അയ്യരെ കുരുക്കി മക്കല്ലം ട്രാപ്പ്!!കെണിയിൽ വീണുപോയി ഇന്ത്യൻ താരം :വീഡിയോ

ഇന്ത്യൻ ടീമിലെ കളിക്കാരുടെ ധാരാളിത്തം മൂലം കൂടുതൽ അവസരങ്ങൾ നഷ്ടമായ താരമാണ് ശ്രേയസ് അയ്യർ. എന്നിരുന്നാലും, ശ്രേയസ്ന്   അവസരങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താറുള്ളതായിയാണ് ക്രിക്കറ്റ്‌ ലോകം മുൻകാലങ്ങളിൽ കണ്ടിട്ടുള്ളത്. എന്നാൽ, ശ്രേയസ് അയ്യരുടെ ആദ്യ വിദേശ ടെസ്റ്റ്‌ മത്സരമായ പുരോഗമിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്‌ മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിൽ യഥാക്രമം 15, 19 എന്നിങ്ങനെയായിരുന്നു ശ്രേയസ് അയ്യരുടെ സ്കോറുകൾ.

ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ നിരവധി ക്രിക്കറ്റ് വിദഗ്ധന്മാർ ഇംഗ്ലീഷ് പിച്ചിലെ ഇംഗ്ലണ്ട് ബൗളർമാരുടെ ഷോർട്ട് ബോളുകൾ ശ്രേയസ് അയ്യർക്ക് തലവേദനയാകും എന്ന് മുൻകൂട്ടി കണക്കാക്കിയിരുന്നു. എന്നാൽ, ഇക്കാര്യം മറ്റാരെക്കാളും ഏറ്റവും കൂടുതൽ അറിയാവുന്നത് നിലവിൽ ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന് തന്നെയാണ്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായപ്പോൾ, ബ്രണ്ടൻ മക്കല്ലം ആയിരുന്നു നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകൻ. ഈ അറിവ് ബ്രണ്ടൻ മക്കല്ലം ടെസ്റ്റ്‌ മത്സരത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്തു. ശ്രേയസ് അയ്യർ ബാറ്റ് ചെയ്യാൻ ക്രീസിൽ എത്തിയപ്പോൾ തന്നെ, ബാൽക്കണിയിൽ ഇരുന്നിരുന്ന ബ്രണ്ടൻ മക്കല്ലം തന്റെ ബൗളർമാർക്ക് ശ്രേയസ് അയ്യർക്കെതിരെ ഷോർട്ട് ബോൾ എറിയാനുള്ള നിർദേശം നൽകി.

ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷോർട്ട് ബോളുകൾക്കെതിരെ ശ്രേയസ്, പുൾ ഷോട്ട് കളിക്കുകയാണെങ്കിൽ അവിടെ ഒരു ഫീൽഡറെ നിർത്താനും പരിശീലകൻ കളിക്കാർക്ക് നിർദ്ദേശം നൽകി. എന്നാൽ, ഈ പദ്ധതി ആദ്യം നടപ്പിലായില്ലെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ ശ്രേയസ് തന്റെ മുൻ പരിശീലകന്റെ കെണിയിൽ പെട്ടു. മാത്യു പോട്ട്സിന്റെ ബോൾ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച ശ്രേയസ് അയ്യരെ ജെയിംസ് ആൻഡേഴ്സൺ ക്യാച്ച് എടുക്കുകയായിരുന്നു.