അഹ്‌മദാബാദ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ, 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് കണ്ടെത്തിയ ഓസ്ട്രേലിയയെ, മത്സരത്തിന്റെ മൂന്നാം ദിനം 480 റൺസിന് ഓൾഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യക്കുവേണ്ടി സ്പിന്നർ രവിചന്ദ്ര അശ്വിൻ 6 വിക്കറ്റുകൾ വീഴ്ത്തി.
ഓപ്പണർ ഉസ്മാൻ ഖവാജ (180), ഓൾറൗണ്ടർ ക്യാമറൂൺ ഗ്രീൻ (114) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങൾ ആണ് ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാമറൂൺ ഗ്രീനിനെ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിൽ എത്തിച്ചാണ് അശ്വിൻ മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. തുടർന്ന്, അലക്സ് കാരെ (0) റൺ ഒന്നും എടുക്കാതെ അശ്വിന്റെ ബോളിൽ അക്സർ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. അശ്വിന്റെ ബോളിൽ മിച്ചൽ സ്റ്റാർക്കിനെ (6) പുറത്താക്കാനായി ശ്രേയസ് അയ്യർ എടുത്ത ക്യാച്ച് ശ്രദ്ധേയമായി.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സിലെ 136-ാം ഓവറിൽ ഷോർട്ട് ലെഗിൽ ശ്രേയസ് അയ്യർ തകർപ്പൻ ഒരു ക്യാച്ച് എടുത്ത് മിച്ചൽ സ്റ്റാർക്കിനെ 6 റൺസിന് പുറത്താക്കി. രവിചന്ദ്രൻ അശ്വിന്റെ സ്ലോ ബോൾ, മിച്ചൽ സ്റ്റാർക് മുൻകാലിൽ പ്രതിരോധിക്കുന്നതിനിടെ പന്ത് ഇൻസൈഡ് എഡ്ജ് ആയി നേരെ നെഞ്ച് ഉയരത്തിൽ അയ്യരുടെ കൈകളിലെത്തി. തുടർന്ന്, ഉസ്മാൻ ഖവാജയെ എൽബിഡബ്ല്യു വിക്കറ്റിൽ കുടുക്കി അക്സർ പട്ടേൽ മടക്കിയതോടെ ഓസ്ട്രേലിയയുടെ നടുവൊടിഞ്ഞു എന്ന് പ്രതീക്ഷിച്ചെങ്കിലും, ഓസ്ട്രേലിയയുടെ വാലറ്റവും ചെറുത്തുനിന്നു.
നഥാൻ ലിയോൺ (34), ടോഡ് മർഫി (41) എന്നിവരെയും അശ്വിൻ ആണ് മടക്കിയത്. ഓസ്ട്രേലിയ മുന്നിൽ വെച്ച ഒന്നാം ഇന്നിങ്സ് കൂറ്റൻ ടോട്ടൽ, മറികടന്ന് ലീഡ് നേടുക എന്ന കഠിനമായ ശ്രമമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവിൽ 34/0 എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ (16), ശുഭ്മാൻ ഗിൽ (17) എന്നിവർ ഇന്ത്യക്കായി ക്രീസിൽ തുടരുന്നു.