അവനെ നേടാൻ പെട്ടിയിൽ 20 കോടി മാറ്റിവെച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ; റിപ്പോർട്ട് പുറത്തുവിട്ട് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഏറ്റവും മികച്ച യുവ ബാറ്റർമാരിൽ ഒരാളാണ് ശ്രേയസ് അയ്യർ. 2022 ഐപിഎൽ സീസണിലേക്കുള്ള മെഗാ താരലേലം നടക്കാനിരിക്കെ, എല്ലാ ഫ്രാഞ്ചൈസികളുടെയും കണ്ണ് ഈ യുവതാരത്തിലുണ്ട്. അയ്യരെ ഡൽഹി ക്യാപിറ്റൽസ്‌ നിലനിർത്താൻ ശ്രമിച്ചിരുന്നുവെങ്കിലും, തനിക്ക് ക്യാപ്റ്റനാകാനാണ് താത്പര്യം എന്ന് ചൂണ്ടിക്കാണിച്ച് യുവതാരം ഡൽഹിയിൽ നിൽക്കാൻ വിസമ്മതിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ, യുവതാരത്തിന് വേണ്ടി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരും പഞ്ചാബ് കിംഗ്‌സും ലേലത്തിൽ കച്ചകെട്ടിയിറങ്ങും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഡൽഹി ക്യാപിറ്റൽസിന്റെ മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 20 കോടി രൂപ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ലേലത്തിൽ മാറ്റിവെച്ചിരിക്കുന്നു എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അവകാശപ്പെട്ടു. ആർ‌സി‌ബിയുടെ ലേല തന്ത്രത്തെക്കുറിച്ച് അറിയാവുന്ന ഒരു വ്യക്തി, ഫ്രാഞ്ചൈസി 20 കോടിയോളം രൂപ മെഗാ ലേലത്തിൽ മുംബൈ ബാറ്റർ അയ്യർക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് തന്നെ അറിയിച്ചതായി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.

“ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ ആർ‌സി‌ബി 20 കോടി ശ്രേയസ് അയ്യർക്ക് വേണ്ടി സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞു,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഐപിഎൽ 2021ൽ പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായിരുന്ന അയ്യർക്ക് ഐപിഎൽ ടീമിനെ നയിച്ച അനുഭവമുണ്ട്. 2020-ൽ ടീമിനെ കന്നി ഐ‌പി‌എൽ ഫൈനലിലേക്ക് നയിച്ചതിനാൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ അയ്യർക്ക് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് ഉണ്ട്.

അതുകൊണ്ട് തന്നെ, ഇതുവരെ ഒരു ക്യാപ്റ്റനെ കണ്ടെത്താൻ കഴിയാത്ത ഫ്രാഞ്ചൈസികൾ അയ്യരെ ലക്ഷ്യമിടുന്നു. ആ ഒരു കോണിൽ നിന്ന് നോക്കിയാൽ ചോപ്രയുടെ അവകാശവാദം ശരിയാവാൻ സാധ്യതകൾ ഏറെയാണ്. എന്നിരുന്നാലും, ലേലപ്പട്ടികയിൽ മാർക്വീ സെറ്റിൽ ഉൾപ്പെട്ട അയ്യരെ സ്വന്തമാക്കുന്നതിന് ഫ്രാഞ്ചൈസികൾ തമ്മിൽ വലിയ മത്സരം നടക്കും എന്ന് തീർച്ചയാണ്. ഐപിഎല്ലിൽ ആകെ 87 മത്സരങ്ങൾ കളിച്ചിട്ടുള്ള അയ്യർ 31.66 ശരാശരിയിൽ 2,375 റൺസ് നേടിയിട്ടുണ്ട്.