ലോകത്തിലെ ഉയരം കുറഞ്ഞ വോളി താരങ്ങൾ

0

വോളീബോൾ എന്നാൽ ഉയരമുള്ളവരുടെ കളിയെന്നാണ് പരക്കെ അറിയപ്പെടുന്നത്.എന്നാൽ വോളി കോർട്ടിൽ ഉയരത്തിന്റെ ആനുകൂല്യം ഇല്ലാതെ തന്നെ വിസമയ പ്രകടനം നടത്തുന്ന നിരവധി താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ലിബറോയുടെ വരവോടു കൂടി ഉയരം കുറഞ്ഞ കൂടുതൽ താരങ്ങൾ വോളിബാളിലേക്ക് കടന്നു വരാൻ തുടങ്ങി. ലോകത്തിലെ ഉയരം കുറഞ്ഞ 5 പുരുഷ വോളി താരങ്ങൾ ആരാണെന്നു പരിശോധിക്കാം .


5 .ഫ്രാൻസിസ്കോ റൂയിസ് ( സ്പെയിൻ) 1.78 മീറ്റർ (5 അടി 10 ഇഞ്ച്)


ഉയരക്കുറവ് വോളിബോളിൽ മികച്ച പ്രകടനങ്ങൾ നടത്തുന്നതിന് തടസ്സമല്ലെന്ന് തെളിയിച്ച സ്പാനിഷ് താരമാണ് ഫ്രാൻസിസ്കോ റൂയിസ് എന്ന 29 കാരൻ .5 അടി 10 ഇഞ്ച് മാത്രം ഉയരമുള്ള റൂയിസ് തന്റെ അസാമാന്യ ജമ്പ് കൊണ്ട് വേൾഡ് ലീഗിലും ,യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സ്പാനിഷ് ടീമിനൊപ്പം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇറ്റാലിയൻ ക്ലബ് വിഗിലർ ഫാനോയുടെ താരമായ ഈ അറ്റാക്കറുടെ സ്പൈക്ക് റീച് 344 സെന്റീ മീറ്ററും ബ്ലോക്ക് റീച് 322 സെന്റീ മീറ്ററുമാണ്.


4 .മസാഹിരോ സെകിത ( ജപ്പാൻ) 1 .75 മീറ്റർ (5 അടി 9 ഇഞ്ച് )


കുറച്ചു വര്ഷങ്ങളായി ജപ്പാൻ ടീമിന്റെ മികച്ച പ്രകടനങ്ങളുടെ ബുദ്ധി സിരാ കേന്ദ്രമാണ് മസാഹിരോ സെകിത എന്ന 27 കാരൻ സെറ്റെർ.വേൾഡ് ചാമ്പ്യൻഷിപ്പിലും ,വേൾഡ് കപ്പിലും ,ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ജാപ്പനീസ് സൂപ്പർ താരങ്ങളെ നിഷിദ ,ഇഷികാവ ,ഫുകുസാവെക്കും തളികയിലെന്ന പോലെ പന്തുകൾ ഒരുക്കി കൊടുക്കുന്നതിൽ പിന്നിൽ 5 അടി 9 ഇഞ്ച് കാരനായ ക്രീയേറ്റീവ് സെറ്ററുടെ കൈകളായിരുന്നു. ജാപ്പനീസ് ക്ലബ് ഒസാകാ ബ്ലസേർസ് താരമാണ്.


3 . മാറ്റിയാസ് സാഞ്ചസ് ( അർജന്റീന) 1 .73 മീറ്റർ (5 അടി 8 ഇഞ്ച് )


2019 ലെ വേൾഡ് കപ്പിൽ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിച്ച താരമാണ് 24 കാരനായ അര്ജന്റീന സെറ്റെർ മാറ്റിയാസ് സാഞ്ചസ്. പ്രധാന സെറ്റെർ ലൂസിയാനോ ഡി സെക്കോക്ക് പകരമായി ഇറങ്ങിയ സാഞ്ചസ് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുത്തത്. അണ്ടർ 19 വേൾഡ് , അണ്ടർ 21 ,അണ്ടർ 23 ചാംപ്യൻഷിപ്പുകളിൽ ബെസ്റ്റ് അവാർഡുകൾ നേടിയിട്ടുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ് ലില്ലേ മെട്രോപോളിന്റെ താരമാണ്.


2 . തൈചിരോ കോഗ ( ജപ്പാൻ ) 1 .70 മീറ്റർ (5 അടി 7 ഇഞ്ച് )
നിലവിലെ ജപ്പാൻ സുവർണ നിരയുടെ ഭാഗമായ മറ്റൊരു പ്രതിഭാധനനായ താരമാണ് തൈചിരോ കോഗ. 2010 മുതൽ ജാപ്പനീസ് ടീമിന്റെ ഭാഗമായ 31 കാരൻ ലിബെറോ ഫിൻലാൻഡ് ,പോളണ്ട് ,ഫ്രാൻസ് എന്നി രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. നിലവിൽ ജാപ്പനീസ് ക്ലബ് എഫ് സി ടോക്കിയോ താരമാണ് .


1 .ഫർഹാദ് സരിഫ് (ഇറാൻ) 1 .65 മീറ്റർ (5 അടി 5 ഇഞ്ച് )


ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വോളി താരമാണ് ഇറാനിയൻ ദേശീയ ടീമിന്റെ ലിബെറോയായിരുന്ന ഫർഹാദ് സരിഫ്. 165 സെന്റി മീറ്റർ ആയിരുന്നു ഫർഹാദ് സരിഫിന്റെ ഉയരം . 2006 മുതൽ ഇറാൻ ദേശീയ ടീമിൽ അംഗമായിരുന്ന സരിഫ് 2014 ൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു. 2013 ലെ വേൾഡ് ചാമ്പ്യൻഷിപ്പിലെ മികച്ച ലിബെറോയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.