പതിനേഴാം വയസ്സിൽ അരങ്ങേറി ഞെട്ടിച്ചു 😱പക്ഷേ കരിയറിൽ എങ്ങുമെത്താതെ പോയ താരം

എംജെ ഗോപാലൻ, ഭരത് റെഡ്‌ഡി, കെ ശ്രീകാന്ത് തുടങ്ങിയ താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്ത തമിഴ്നാടിന്റെ പട്ടികയിലെ 13-ാമനാണ് ലക്ഷ്മൻ ശിവരാമകൃഷ്ണൻ. ശിവ എന്നും എൽഎസ് എന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ അറിയപ്പെടുന്ന ശിവരാമകൃഷ്ണൻ എന്ന ലെഗ് സ്പിന്നർ, 1983-ലാണ് ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് വെറും 17 വയസ്സ് മാത്രം പ്രായം.

പ്രായം കേട്ട് നിങ്ങൾ ഞെട്ടേണ്ടതില്ല, കാരണം 21-ാം വയസ്സിൽ ഇന്ത്യൻ കുപ്പായം അഴിച്ചുവെക്കേണ്ടി വന്ന ആ യുവപ്രതിഭയ്ക്ക്, 17-ാം വയസ്സിൽ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചത് വലിയ കാര്യമൊന്നുമല്ല. ശിവരാമകൃഷ്ണന്റെ കഥ പറയുമ്പോൾ, അത് അദ്ദേഹത്തിന്റെ 12-ാം വയസ്സിൽ നിന്ന് തുടങ്ങണം. 12 വയസ്സുകാരൻ ശിവ, മദ്രാസ് ഇന്റർ-സ്കൂൾ ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തിൽ 2 റൺസ് വിട്ടുകൊടുത്ത് 7 വിക്കറ്റ് വീഴ്ത്തിയാണ്, ക്രിക്കറ്റിൽ തന്റെ വരവറിയിക്കുന്നത്.

തുടർന്ന്, 15-ാം വയസ്സിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്ക്. 1980-ൽ ശ്രീലങ്കൻ പര്യടനത്തിന് രവി ശാസ്ത്രിയുടെ കീഴിൽ പുറപ്പെട്ട ഇന്ത്യ അണ്ടർ 19 ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. പിന്നീട്, ശിവരാമകൃഷ്ണൻ എന്ന യുവ ലെഗ് സ്പിന്നർക്ക്‌ തന്റെ കരിയറിൽ പുറകോട്ട് നോക്കേണ്ടി വന്നിട്ടില്ല. 16-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തമിഴ്നാട് ടീമിന് വേണ്ടി അരങ്ങേറ്റം. 1981/82 രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, ഡൽഹി ക്രിക്കറ്റ്‌ ടീമിനെതിരെ 7/28 എന്ന ശിവയുടെ സ്പെൽ ദേശീയ സെലക്ടർമാരെ ആകർഷിച്ചു.

17-ാം വയസ്സിൽ വിൻഡീസിനെതിരെ ഇന്ത്യൻ കുപ്പായത്തിൽ ടെസ്റ്റിൽ കന്നി മത്സരം കളിക്കാൻ ഇറങ്ങുമ്പോൾ, അദ്ദേഹത്തിന് വെറും 3 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമാണുള്ളത് എന്ന് ശ്രദ്ധേയമാണ്. എങ്കിലും, സെലക്ടർമാർ അവന്റെ കഴിവിൽ വിശ്വാസം അർപ്പിച്ചു. തന്റെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിംഗ്സിലും യഥാക്രമം 6/64, 6/117 നടത്തിയ മികച്ച പ്രകടനം, ഇന്ത്യൻ ടീമിന് സമ്മാനിച്ചത് 1981-ന് ശേഷമുള്ള ആദ്യ ടെസ്റ്റ്‌ വിജയം. തന്നിലർപ്പിച്ച വിശ്വാസം ശിവരാമകൃഷ്ണൻ നിറവേറ്റിയ നിമിഷം.

എന്നാൽ, പ്രായത്തിന്റെ പക്വതക്കുറവ് കാരണമായിരിക്കണം, വളരെ ചെറുപ്രായത്തിൽ കൈവന്ന ഭാഗ്യം, അദ്ദേഹത്തിന് നിലനിർത്താൻ കഴിഞ്ഞില്ല. മോശം ഫോം ടീമിൽ നിന്ന് പുറത്താക്കലിലേക്ക് നയിച്ചപ്പോൾ, ശിവരാമകൃഷ്ണന് പ്രായം 21. പിന്നീട്, ആഭ്യന്തര ക്രിക്കറ്റിൽ മികവ് കാട്ടി ദേശീയ ടീമിൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, സെലക്ടർമാർ അദ്ദേഹത്തിലേക്ക് പിന്നീട് മുഖം തിരിച്ചില്ല. ഇന്ന് അദ്ദേഹം, കമന്റെറ്റർ ആയി ക്രിക്കറ്റിൽ സജീവമാണ്. മാത്രമല്ല, ഐസിസി കമ്മിറ്റി അംഗം കൂടിയാണ്.