എത്ര നന്നായി കളിച്ചാലും അവസരമില്ല 😱😱സെലക്ടർമാർക്ക് എതിരെ പൊട്ടിത്തെറിച്ച് ജാക്ക്സൺ

അടുത്തിടെയായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിനെതിരെ പരോക്ഷമായി പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ടീം തിരഞ്ഞെടുപ്പിൽ കളിക്കാരുടെ ഫോം മാനദണ്ഡമാക്കുന്നില്ല എന്നതാണ് പൊതുവെ ഉയരുന്ന വിമർശനം. മറിച്ച്, സെലക്ടർമാർ മറ്റു പല കാര്യങ്ങളാണ് മാനദണ്ഡമാക്കുന്നത് എന്ന് ആരാധകർ ഉൾപ്പെടെ വിമർശനമുന്നയിച്ചിരുന്നു. ഇപ്പോൾ, ഇതേ വിമർശനം പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗരാഷ്ട്ര ബാറ്റർ ഷെൽഡൺ ജാക്സൺ.

ഇന്ത്യൻ സെലക്ടർമാർ പ്രായാധിക്യം ഒരു മാനദണ്ഡമാക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയ ഷെൽഡൺ ജാക്സൺ, 30 വയസിനു മുകളിൽ ഉള്ളവരെ ടീമിൽ തിരഞ്ഞെടുക്കേണ്ടതില്ല എന്ന് ഏത് ചട്ടത്തിലാണ് എഴുതിയിരിക്കുന്നത് എന്നും ചോദിച്ചു. യുവതാരങ്ങളെക്കാൾ മികച്ച പ്രകടനം പുറത്തെടുത്താലും, അത് പരിഗണിക്കാതെ യുവതാരങ്ങൾക്ക് തന്നെയാണ് ടീം തിരഞ്ഞെടുപ്പിൽ മുൻഗണന നൽകുന്നതെന്ന് ജാക്സൺ ചൂണ്ടികാണിച്ചു.

ഏറ്റവും പുതിയ ഉദാഹരണമായി, ആന്ധ്രയുടെ വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരതും ഷെൽഡൺ ജാക്സണും 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. ഇരുവരും മികച്ച വിക്കറ്റ് കീപ്പർമാരാണ്. എന്നാൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജാക്‌സണ് 19 സെഞ്ചുറികളടക്കം 50 റൺസ് ശരാശരിയുള്ളപ്പോൾ, കൃത്യമായി അത്രയും മത്സരങ്ങളിൽ, ഭരതിന് 9 സെഞ്ചുറികളടക്കം 36 റൺസ് ശരാശരിയാണ് ഉള്ളത്. എന്നിട്ടും, ഭരതിനാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് കോൾ-അപ്പ് ലഭിച്ചത്. വൃദ്ധിമാൻ സാഹയെ പുറത്താക്കിയതിന് ശേഷം ഋഷഭ് പന്തിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ബാക്കപ്പാണ് ഭരത് ഇപ്പോൾ.

“എന്തുകൊണ്ടാണ് എന്നെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തത് എന്നതിനെക്കുറിച്ച് ഒരു ആശയവിനിമയവും ഇതുവരെ നടന്നിട്ടില്ല. എന്നാൽ, ഒരിക്കൽ ഞാൻ ഒരു ബിസിസിഐ അംഗത്തോട്, ഇതിൽ കൂടുതൽ ഇനി എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ, എനിക്ക് പ്രായമായെന്നാണ് അയാൾ മറുപടി പറഞ്ഞത്. 30 വയസ്സിന് മുകളിൽ ഞങ്ങൾ ആരെയും തിരഞ്ഞെടുക്കുന്നില്ലെന്ന് അവർ എന്നോട് പറഞ്ഞു. എന്നാൽ, ഒരു വർഷത്തിനുശേഷം, അവർ 32-33 വയസ്സുള്ള ഒരാളെ തിരഞ്ഞെടുത്തു. നിങ്ങൾക്ക് 30, 35, അല്ലെങ്കിൽ 40 വയസ്സിന് മുകളിലുള്ളവരെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന് എന്തെങ്കിലും നിയമമുണ്ടോ? പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ നിയമം കൊണ്ട് വരാത്തത്?” ജാക്‌സൺ സ്‌പോർട്‌സ്‌കീഡയോട് പറഞ്ഞു.