വടകരയുടെ അഭിമാനം , ഷീജിത് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു .

0

നീണ്ട മുപ്പതു വർഷത്തെ വോളിബോൾ കരിയർ , കളിക്കാരനായും ,പരിശീലകനായും നിരവധി ചാമ്പ്യൻഷിപ്പുകളിൽ തിളങ്ങി നിന്ന വടകരക്കാരൻ കഴിഞ്ഞ ദിവസം ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച ഷിജിത്തിന്‌ വോളി ലൈവിന്റെ സ്നേഹാശംസകൾ .

വടകരയെന്ന വോളിബോൾ ഈറ്റില്ലത്തിൽ നിന്നും ഒരു വോളിബോൾ താരം ഉദിച്ചുയരുന്നത് അത്ഭുതമുള്ള കാര്യമൊന്നുമല്ല , വളരെ ചെറിയ പ്രായത്തിൽ വോളിബോൾ കോർട്ടിലേക്ക് ഇറങ്ങുന്നവരാണ് വടകരക്കാർ, ഷിജിത്തും അങ്ങനെത്തന്നെയായിരുന്നു , വൈകുന്നേരങ്ങളിൽ മുതിർന്നവർ കളിക്കുമ്പോൾ ബോൾ എടുത്തു കൊടുത്തും , ബാക്ക് കോർട്ടിൽ ഇറങ്ങിയും ഷിജിത്തിന്റെ ജീവിതത്തിലേക്കും വോളിബോൾ ചേക്കേറി , പത്താം തരത്തിൽ പഠിക്കുമ്പോൾ സെറ്ററായി കളിയാരംഭിച്ച വടകരയുടെ അഭിമാന താരം പിന്നീട് ഇന്ത്യയിലെ പല ഡിപ്പാർട്ട്മെന്റ്‌കൾക്കും പേടി സ്വപ്നമായ അറ്റാക്കറായി വളർന്നു

ജില്ലാ ജൂനിയർ ലീഗുകളിൽ സെറ്ററായി തുടങ്ങിയ ഷിജിത് മടപ്പള്ളി കോളജിലെത്തിയതോടെ പ്രൊഫഷണൽ വോളിബോൾ കളിച്ചു തുടങ്ങി , കോഴിക്കോടിന്റെ പ്രഗത്ഭരായ കോച്ചുമാർ അച്ചു മാഷിനും , പരീത് മാഷിനുമൊക്കെ കീഴിൽ തന്റെ കരിയർ വോളിബോളാണെന്നു തിരിച്ചറിയാൻ അധിക താമസമൊന്നുമുണ്ടായില്ല ,ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വേണ്ടി തിളങ്ങിയ താരം അന്ന് കേരള ടീമിലുമെത്തി , പ്രീ ഡിഗ്രിക്ക് മടപ്പള്ളി കോളജിൽ പഠിക്കുമ്പോൾ തന്നെ ഇന്റർ സോൺ അടക്കമുള്ള ചാംപ്യൻഷിപ്പുകളിൽ കോളജിനു വേണ്ടി ജെയ്‌സിയണിയാന് ഷിജിത്തിന്‌ കഴിഞ്ഞു , തൊട്ടടുത്ത വർഷം നടന്ന നേവിയിലേക്കുള്ള സെലെക്ഷനിൽ പങ്കെടുത്ത ഷിജിത്തിന്‌ നേവിയുടെ ഭാഗമാവാൻ കഴിഞ്ഞു .

92 ൽ നേവിയുടെ വോളീബോൾ ടീമിന്റെ മെയിൻ സിക്‌സിൽ കളിക്കാൻ തുടങ്ങിയ ഷിജിത്തിന്‌ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല , അടുത്ത വര്ഷം ഇന്ത്യൻ സർവീസസിന്റെ ടീമിലെത്തി , തുടർച്ചയായി പത്തു വര്ഷത്തോളമാണ് ഇന്ത്യയിലെ മികച്ച ടീമുകളിലൊന്നായ സർവീസസിന്റെ അറ്റാക്കിങ് പൊസിഷനിൽ വടകരക്കാരൻ തിളങ്ങി നിന്നതു , ഇതിനിടെ രണ്ടു തവണ ദേശീയ ഗെയിംസിൽ സർവീസസിന് വേണ്ടി ജെയ്‌സി അണിയാനും ഷിജിത്തിന്‌ കഴിഞ്ഞു , ആക്റ്റീവ് ഗെയിം വിട്ട ഷിജിത് സ്പോർട്സ് മെഡിസി നിൻ , മെഡിക്കൽ കണ്ടീഷണർ സർട്ടിഫിക്കറ്റ് നേടി , തുടർന്ന് 2014 ൽ ലെവൽ വൺ ഷിജിത് സ്വന്തമാക്കി മുഴുവൻ സമയ പരിശീലകനായി മാറി , 2007 ലോക മിലിട്ടറി ചാമ്പ്യൻഷിപ്പിൽ ടെക്‌നിക്കൽ അസിസ്റ്റൻഡ് ആയി സേവനമനുഷ്ഠിക്കാനും കഴിഞ്ഞു .

2015 ൽ കൊറിയയിൽ നടന്ന ലോക മിലിട്ടറി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് ഷിജിത് പറഞ്ഞു , അമേരിക്ക , ബ്രസീൽ തുടങ്ങിയ രാജ്യങ്ങളടക്കം പങ്കെടുത്ത ചാംപ്യൻഷിപ്പായിരുന്നു അത് , 2006 മുതൽ നേവിയുടെ കോച്ചായി തുടർന്ന താരം , 2010 മുതൽ സർവീസസ് ടീമിന്റെ പരിശീലകനായും സേവന നിരതനായി , നീണ്ട വർഷങ്ങൾ മുഴുവനും വോളിബോൾ കോർട്ടിൽ ചിലവിട്ട ഷിജിത് കൊച്ചിൻ നേവിയിൽ നിന്ന് നേവൽ ഓഫീസറായാണ് വിരമിച്ചത് , ഒരിക്കൽ കൂടി വോളി ലൈവിന്റെ ആശംസകൾ .