റൺസ് വാരികൂട്ടി എന്നിട്ടും അവഗണന 😳😳😳നാല് ടീമിലും സ്ഥാനമില്ലാതെ പ്രിത്വി ഷാ

വരാനിരിക്കുന്ന ന്യൂസിലാൻഡ്, ബംഗ്ലാദേശ് പരമ്പരകൾക്കായുള്ള ഇന്ത്യൻ ടീമിനെ ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് പിന്നാലെ ന്യൂസിലാൻഡിനെതിരെ 3 ടി20-യും 3 ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. അതിന് ശേഷം, ബംഗ്ലാദേശിനെതിരെ 3 ഏകദിനങ്ങളും 2 ടെസ്റ്റുകളും അടങ്ങുന്ന പരമ്പര ഇന്ത്യ കളിക്കും. ഈ പരമ്പരകൾക്കായുള്ള നാല് സ്ക്വാഡുകൾ ആണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസിലാൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശർമ്മയ്ക്ക് പകരം ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. ഏകദിന പരമ്പരയിൽ ശിഖർ ധവാൻ ആയിരിക്കും ഇന്ത്യയുടെ ക്യാപ്റ്റൻ. അതേസമയം ബംഗ്ലാദേശിനെതിരായ പരമ്പരയിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചുവരും.

രണ്ട് പരമ്പരകൾക്കായി നാല് സ്ക്വാഡുകൾ പ്രഖ്യാപിച്ചപ്പോൾ, നിരവധി കളിക്കാർക്ക് അവസരം നൽകുകയും, ചില പുതുമുഖങ്ങൾക്ക് കോൾ-അപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഓപ്പണർ പ്രിത്വി ഷായെ ഇന്ത്യയുടെ ഒരു സ്ക്വാഡിലും ഉൾപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര ടൂർണമെന്റുകളിൽ ഫോം തെളിയിച്ച പ്രിത്വി ഷാക്ക്, ദേശീയ ടീമിൽ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട് എന്ന് നേരത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇപ്പോൾ വരാനിരിക്കുന്ന പരമ്പരകളിലേക്ക് കൂടുതൽ താരങ്ങൾക്ക് അവസരം നൽകിയപ്പോഴും പ്രിത്വി ഷായെ മാറ്റി നിർത്തിയത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല. അതേസമയം, ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ സ്പീഡ്സ്റ്റർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഷഹബാസ് അഹമ്മദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ രാഹുൽ ട്രിപാതിക്ക് അവസരം നൽകിയതിനൊപ്പം, പേസർ യാഷ് ദയാലിന് കന്നി കോൾ-അപ്പ് നൽകി.