എന്നെ അവഗണിക്കുന്നു; ബിസിസിഐക്കെതിരേ പൃഥ്വി ഷാ

ഇന്ത്യയുടെ ഭാവി സേവാഗ് ആയിട്ടായിരുന്നു പൃഥ്വി ഷായെ എല്ലാ ഇന്ത്യൻ ആരാധകരും കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ യുവതാരത്തിന് ടീമിൽ സ്ഥാനം ലഭിക്കുന്നില്ല. മികച്ച സ്കോറുകൾ ആഭ്യന്തരതലത്തിൽ കണ്ടെത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ താരത്തിന് ബിസിസിഐ അവസരം നൽകുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങളെല്ലാം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോയപ്പോൾ ഇന്ത്യ യുവതാരങ്ങളെയായിരുന്നു ടീമിലെടുത്തത്.

എന്നാൽ അവിടെയും താരത്തിന് അവസരം നൽകിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറികളുമായും സെഞ്ച്വറികളുമായും താരം തിളങ്ങുന്നുണ്ട്. ന്യൂസിലാൻഡ് എ ക്കെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിൽ താരത്തിന് അവസരം നൽകിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ശിഖർ ധവാൻ ആണ്. ദുലീപ് ട്രോഫിയിൽ താരം വെസ്റ്റ് സോണിന് വേണ്ടി തുടർച്ചയായി 2 സെഞ്ച്വറികൾ നേടിയിരുന്നു. ന്യൂസിലാൻഡ് എ”ക്കെതിരെ 44 പന്തിൽ 77 റൺസ് നേടി താരം തിളങ്ങിയിരുന്നു.

ഇപ്പോഴിതാ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിൽ ഉൾപ്പെടുത്താത്തതിൽ താൻ നിരാശനാണെന്നാണ് പൃഥ്വി ഷാ പറഞ്ഞത്. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.”ഞാൻ നിരാശനാണ്. ഞാൻ മികച്ച സ്കോറുകൾ നേടുന്നുണ്ട്. കഠിനമായി പ്രയത്നിച്ചിട്ടും എനിക്ക് അവസരം ലഭിക്കുന്നില്ല. പക്ഷേ അത് കുഴപ്പമില്ല. ഞാൻ റെഡി ആയെന്ന് തോന്നിയാൽ സെലക്ടർമാർ എന്നെ കളിപ്പിക്കും. എനിക്ക് അവസരം ലഭിച്ചു കഴിഞ്ഞാൽ, അതിപ്പോൾ ഇന്ത്യ എ-ക്ക് വേണ്ടിയാണെങ്കിലും വേറെ ഏത് ടീമിന് ആണെങ്കിലും,

ഞാൻ എൻ്റെ മികച്ചത് പുറത്തെടുക്കും എന്ന് എനിക്കുറപ്പാണ്. എൻറെ ഫിറ്റ്നസ് ഞാൻ മികച്ച രീതിയിൽ തന്നെ നോക്കും. എൻറെ ശരീരഭാരം കുറയ്ക്കുവാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഞാൻ ഏഴ് – എട്ട് കിലോഗ്രാം കുറച്ചു. ഞാൻ ഒരുപാട് സമയം ജിമ്മിൽ ചിലവഴിച്ചു. ഒരുപാട് ഓടി. ഇപ്പോൾ ഞാൻ മധുരപലഹാരങ്ങളും ഡ്രിങ്ക്സുകളും കഴിക്കാറില്ല. എൻറെ മെനുവിൽ നിന്ന് ചൈനീസ് ഫുഡ് ഇപ്പോൾ പൂർണമായും പുറത്താണ്. ഞാൻ ഇപ്പോൾ ഫോമിലാണ്, ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അതിനു വേണ്ടി പ്രയത്നിക്കും.”- താരം പറഞ്ഞു.