ബോൾ പോയത് സ്റ്റമ്പിന് ഒന്നര ഇഞ്ച് മുകളിലൂടെ 😮😮😮 പാണ്ട്യയുടെ വിക്കറ്റ് അമ്പയർ കാട്ടിയ മണ്ടത്തരം – ശാസ്ത്രി

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ പലരെയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക്ക് പാണ്ട്യയുടെ വിക്കറ്റ്. മത്സരത്തിൽ വളരെ മികവാർന്ന രീതിയിൽ ബാറ്റ് ചെയ്തിരുന്ന പാണ്ഡ്യ നാല്പതാം ഓവറിലാണ് പുറത്തായത്. ഡാരില്‍ മിച്ചലെറിഞ്ഞ പന്ത് ഹർദിക് പാണ്ഡ്യ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ബോൾ പാണ്ഡ്യയെ കടന്ന് ടോം ലാതമിന്റെ കൈയിലെത്തി. ശേഷം ബെയിൽ അനങ്ങുകയും ചെയ്തു.

ബോൾ കൃത്യമായി സ്റ്റമ്പിൽ കൊണ്ടില്ല എന്ന് വ്യക്തമായിട്ടും മൂന്നാം അമ്പയർ ഇത് ഔട്ട് വിധിക്കുകയാണ് ഉണ്ടായത്. ഗ്ലൗസ് കൊണ്ടതിനാലാണ് ബെയിൽ അനങ്ങിയത് എന്ന് പകൽപോലെ വ്യക്തമായിരുന്നു. അതിനാൽ തന്നെ വളരെ നിരാശയോടെയാണ് പാണ്ഡ്യ മൈതാനം വിട്ടത്. ഇന്ത്യൻ ആരാധകരെ പോലും ഈ സംഭവം വളരെയധികം ഞെട്ടിച്ചു. ഈ വിഷയത്തിൽ തന്റെ വിമർശനം അറിയിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി രംഗത്ത് വരികയുണ്ടായി.

ഒരു ബാറ്ററോട് ചെയ്യുന്ന അനീതിയാണ് ഇത്തരം തീരുമാനങ്ങൾ എന്നാണ് രവിശാസ്ത്രി കമന്റ് ബോക്സിൽ പറഞ്ഞത്. “ഓ.. അത് ഔട്ട് വിധിച്ചു. മിച്ചൽ സന്തോഷവാനായിരിക്കും. കാരണം നമ്മൾ അത് വീണ്ടും പരിശോധിക്കുമ്പോൾ കീപ്പറുടെ ഗ്ലൗസ് എവിടെയാണെന്നും, ബോൾ ഏതു വഴിയാണ് അയാളുടെ കൈകളിലെത്തിയതെന്നും മനസ്സിലാവും. ബോൾ സ്റ്റമ്പിന് ഒന്ന്-ഒന്നര ഇഞ്ച് മുകളിലൂടെയാണ് കീപ്പറുടെ ഗ്ലൗസിൽ എത്തിയത്. ബോൾ കൃത്യമായി സ്റ്റമ്പിന്റെ മുകളിൽ തന്നെയാണ്. അത് കീപ്പറുടെ ഗ്ലൗസിൽ എത്തുന്നതുവരെ ചുവപ്പ് ലൈറ്റ് തെളിഞ്ഞിരുന്നില്ല. അതിനുശേഷമാണ് ലൈറ്റ് കത്തിയത്.”- ശാസ്ത്രി പറഞ്ഞു.

രവി ശാസ്ത്രിക്ക് പുറമേ ഇന്ത്യൻ ക്രിക്കറ്റർ രവിചന്ദ്രൻ അശ്വിനും ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. ഒപ്പം വസീം ജാഫറടക്കമുള്ള മുൻ ക്രിക്കറ്റർമാരും ഇക്കാര്യത്തിൽ തങ്ങളുടെ വിമർശനം അറിയിച്ചു.

5/5 - (1 vote)