കോഹ്ലിയെ നോക്കി പഠിക്കൂ സഞ്ജു 😱😱സഞ്ജുവിന് ഉപദേശം നൽകി മുൻ കോച്ച്

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കുറച്ചുകാലമായി ക്രിക്കറ്റ്‌ വിദഗ്ധരുടെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. താരത്തിന്റെ ബാറ്റിംഗ് വൈധഗ്ദ്യം മുൻ താരങ്ങൾ ഉൾപ്പടെയുള്ളവർ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് എന്തുകൊണ്ട് തന്റെ സ്ഥാനം നിലനിർത്താനാവുന്നില്ല എന്നത് വലിയ ചർച്ച വിഷയമാണ്. ഇപ്പോൾ, ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ചില ഉപദേശങ്ങളുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്.

സഞ്ജുവിന്റെ കൗതുകകരമായ കരിയറിനെ കുറിച്ച് പറയുമ്പോൾ, മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ പാഠപുസ്തകമാക്കി അതിൽ നിന്ന് ഒരു ഏട് എടുത്ത് സ്ഥിരമായി പഠിക്കാൻ യുവതാരത്തെ മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഉപദേശിച്ചു. ചില സമയങ്ങളിൽ സഞ്ജുവിന്റെ താളം നഷ്ടപ്പെടുന്നുവെന്നും സഞ്ജു സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നില്ലെന്നും രവി ശാസ്ത്രി ആരോപിച്ചു. 27-കാരൻ പക്വത പ്രാപിച്ചുവെന്ന് ശാസ്ത്രി വിശ്വസിക്കുന്നുണ്ടെങ്കിലും, സഞ്ജു ഇനിയും പ്രവർത്തിക്കേണ്ട മേഖലകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഈ സീസണിൽ (ഐപിഎൽ) ഞാൻ അവനെ നോക്കുമ്പോൾ, അവനിൽ ഞാൻ ഒരു ശാന്തത കാണുന്നു. ഒരു പക്വത കാണുന്നു. ഈ വർഷം അവന് നല്ലതായിരിക്കും എന്ന തോന്നൽ എനിക്കുണ്ട്. ഈ സീസണിൽ അവൻ കൂടുതൽ സ്ഥിരത പുലർത്തുമെന്ന് എനിക്ക് തോന്നുന്നു,” ശാസ്ത്രി ESPNcriinfo-യോട് പറഞ്ഞു. അതേസമയം, മലയാളി ബാറ്റർക്ക് സ്ഥിരതയുണ്ടാവണം എന്ന് ശാസ്ത്രി പറഞ്ഞു. “അവൻ വളരെക്കാലമായി ഇവിടെയുണ്ട്. കരിയർ ആരംഭിച്ച് 10 വർഷത്തിന് ശേഷവും നിങ്ങൾ അതേ തെറ്റ് വരുത്തി 20-25 പുറത്തായാൽ അത് നിങ്ങളുടെ കുഴപ്പമാണ്,” ശാസ്ത്രി കൂട്ടിച്ചേർത്തു.

കോഹ്‌ലിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ ശാസ്ത്രി, ടി20 ക്രിക്കറ്റിലെ വെറ്ററൻ ബാറ്ററുടെ വിജയമന്ത്രം പിന്തുടരാൻ സഞ്ജുവിനെ ഉപദേശിച്ചു. “എതിരാളികളെ കുറച്ചുകൂടി മനസ്സിലാക്കി ഷോട്ടുകൾ തിരഞ്ഞെടുക്കുന്ന സാംസണെ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ ബൗളറിൽ നിന്ന് എന്ത് വരും എന്ന് പ്രതീക്ഷിക്കണം. എന്നിട്ട്, ഏത് ഷോട്ട് ആണ് കൂടുതൽ ലാഭകരമാകുക എന്ന് തീരുമാനിക്കണം. ഇവിടെയാണ് കോഹ്‌ലിക്ക് കൂടുതൽ പക്വതയും അച്ചടക്കവും നിയന്ത്രണവും ഉള്ളത്, സാംസൺ അത് കണ്ട് പഠിക്കണം,” ശാസ്ത്രി പറഞ്ഞു.