ഈ ലോകക്കപ്പ് ശേഷം അവർ മൂന്നും വിരമിക്കും!!പ്രവചിച്ചു മുൻ ഇന്ത്യൻ കോച്ച്

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക്, കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ആണ് ഉള്ളത് എന്ന് വിശ്വസിക്കുന്ന രവി ശാസ്ത്രി, ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുള്ള ചില മുൻനിര താരങ്ങളുടെ പേരുകളും എടുത്തുപറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് എന്നിവർ ടി20 ലോകകപ്പിന് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ട് എന്ന് മുൻ ഇന്ത്യൻ താരം കൂടിയായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് മികച്ച ബാറ്റിംഗ് ലൈനപ്പ് ഉണ്ടെങ്കിലും, ടീം ഇന്ത്യ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട മേഖല ഏതാണെന്നും മുൻ പരിശീലകൻ വ്യക്തമാക്കി.

“നിലവിൽ ഇന്ത്യൻ ടീമിനെ മികച്ച ബാറ്റിംഗ് ലൈനപ്പ് ഉണ്ട്. കഴിഞ്ഞ, 5-6 വർഷക്കാലമായി ഇന്ത്യക്ക് ഒരു മികച്ച നാലാം നമ്പർ ബാറ്റർ ഉണ്ടായിരുന്നില്ല. എന്നാൽ, സൂര്യകുമാർ യാദവ് ആ സ്ഥാനത്തേക്ക് വന്നതോടെ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് നിര ശക്തിപ്പെട്ടു. പവർപ്ലെയിൽ തന്നെ 2 വിക്കറ്റ് നഷ്ടപ്പെട്ടാലും പവർഹിറ്റ്‌ ബാറ്റിംഗ് കാഴ്ചവെക്കാൻ കെൽപ്പുള്ള ബാറ്റർമാർ ഇന്ന് ഇന്ത്യക്കുണ്ട്. അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യയും ആറാം നമ്പറിൽ ദിനേശ് കാർത്തിക്കൊ, റിഷഭ് പന്തോ കൂടി വരുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗിന്റെ ആഴം വർദ്ധിക്കും,” രവി ശാസ്ത്രി പറഞ്ഞു.

“എന്നാൽ, ടീം ഇന്ത്യ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഫീൽഡിങ്ങിൽ ആണ്. ഒരു മത്സരത്തിൽ മികച്ച ഫീൽഡിങ് പ്രകടനത്തിലൂടെ 15-20 റൺസ് സേവ് ചെയ്യാൻ സാധിച്ചാൽ, അത് മത്സരത്തിന്റെ ഫലത്തെ തന്നെ സ്വാധീനിക്കും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകളെല്ലാം ഫീൽഡിങ്ങിൽ വളരെ മികച്ചവരാണ്,” രവി ശാസ്ത്രി പറഞ്ഞു. ടി20 ലോകകപ്പിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.