നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് പകരം മറ്റൊരു കളിക്കാരനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് വൈകിയാണ് അവസരം ലഭിച്ചതെങ്കിലും, ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയ ബാറ്റർ ആണ് സൂര്യകുമാർ യാദവ്. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ, പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ ആണ് സൂര്യകുമാർ യാദവ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2021, 2022 വർഷങ്ങളിലായി രണ്ട് ടി20 ലോകകപ്പ് ടൂർണമെന്റുകൾ നടന്നതിനാൽ, കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ഫോർമാറ്റിൽ ആണ് കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നത്.

എന്നാൽ, ഇനി വരാനുള്ളത് 2023 ഏകദിന ലോകകപ്പ് ആണ്. അതുകൊണ്ടുതന്നെ ടീമിന്റെ ശ്രദ്ധ ഇനി ഏകദിന ഫോർമാറ്റിലേക്ക് മാറ്റുകയാണ്. നിലവിൽ ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ നാലാം നമ്പറിൽ തിളങ്ങിയ സൂര്യകുമാർ യാദവിനെ തന്നെയാണ് ഏകദിന ഫോർമാറ്റിലും നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത്. അതിവേഗം റൺസ് ഉയർത്താനുള്ള കഴിവും, എതിർ ടീമിനെ അമ്പരപ്പിക്കും വിതം ഗ്രൗണ്ടിന്റെ ഏതു വശത്തേക്ക് വേണമെങ്കിലും ഷോട്ട് എടുക്കാനുള്ള കഴിവും സൂര്യ കുമാർ യാദവിനെ വ്യത്യസ്തനാക്കുന്നു.

എന്നാൽ, ഏകദിന ഫോർമാറ്റിൽ സൂര്യകുമാർ യാദവിന്റെ വേഗത അപകടം വിളിച്ചുവരുത്തും എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. “സൂര്യകുമാർ യാദവ് വളരെ മികച്ച ഒരു ബാറ്റർ ആണ്. ടി20 ഫോർമാറ്റിൽ നാലാം നമ്പറിൽ അദ്ദേഹം തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഏകദിന ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ആ മികവ് പുലർത്താനാകും എന്ന് എനിക്ക് തോന്നുന്നില്ല. ടി20 ഫോർമാറ്റും ഏകദിന ഫോർമാറ്റും ഏകദേശം സാമ്യം ഉള്ളതാണ്, എന്നിരുന്നാലും രണ്ടിലും കളിക്കാരുടെ മനോഭാവം മാറേണ്ടതുണ്ട്,” രവി ശാസ്ത്രി പറയുന്നു.

“ടി20 ഫോർമാറ്റിൽ അതിവേഗം റൺസ് ഉയർത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെങ്കിൽ, ഏകദിന ഫോർമാറ്റിൽ കൂടുതൽ ബോളുകൾ കളിക്കുന്നതിൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. 30-40 ബോളുകൾ എങ്കിലും ഒരു ബാറ്റർ ചുരുങ്ങിയത് കളിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏകദിന ഫോർമാറ്റിൽ നാലാം നമ്പറിലേക്ക് സൂര്യകുമാർ യാദവിനെ പകരം ശ്രേയസ് അയ്യരെയാണ് ഞാൻ നിർദ്ദേശിക്കുന്നത്. എന്നാൽ, ടി20 ഫോർമാറ്റിൽ ശ്രേയസ് അയ്യർ സൂര്യകുമാർ യാദവിന്റെ സ്ഥാനത്തിന് വെല്ലുവിളിയാകുന്നില്ല,” മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

Rate this post