അവനൊരു 10 മാച്ച് നൽകൂ 😳😳😳 സഞ്ജുവിനായി രംഗത്തെത്തി മുൻ കോച്ച് ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ കഴിഞ്ഞ ദിവസം നടന്ന ടി20 മത്സരത്തിലും വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസണെ കളിപ്പിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്ന്റെ തീരുമാനത്തിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത ഭാഷയിലുള്ള പ്രതിഷേധങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുകയാണ്. ടി20 ലോകകപ്പിനുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ നിരവധി മുൻ ക്രിക്കറ്റർമാർ ഉൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിരുന്ന മാറ്റങ്ങളിൽ ഒന്നായിരുന്നു, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുക എന്നത്.

എന്നാൽ, ന്യൂസിലാൻഡിനെതിരായ പരമ്പരക്കുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും, പ്ലെയിംഗ് ഇലവനിൽ സഞ്ജുവിന് ഉൾപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറാകുന്നില്ല. സഞ്ജുവിന് പകരം വീണ്ടും വിക്കറ്റ് കീപ്പർ റോളിൽ ഋഷഭ് പന്തിനാണ് അവസരം നൽകിയത്. എന്നാൽ, ഓപ്പണർ ആയി ഇറങ്ങിയ പന്ത്, 13 ബോളിൽ 6 റൺസ് മാത്രം സ്കോർ ചെയ്തുകൊണ്ട് വീണ്ടും വലിയ റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

തുടർച്ചയായി ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുമ്പോൾ, ലഭിക്കുന്ന അവസരങ്ങൾ മുതലെടുത്തിട്ടും സഞ്ജു സാംസണ് പിന്നീട് അവസരം നൽകാതിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അനീതിയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വേളയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനും ആയിരുന്ന രവി ശാസ്ത്രി, ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിനുശേഷം നടത്തിയ പ്രതികരണം വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

“സഞ്ജു സാംസൺ വളരെ മിടുക്കനായ കളിക്കാരനാണ്. അവന് കൂടുതൽ അവസരങ്ങൾ കൊടുത്തു നോക്കൂ, അവൻ അവന്റെ പ്രതിഭ തീർച്ചയായും കാണിക്കും. മോശം ഫോമിൽ കളിക്കുന്നവരെ ടീമിൽ നിന്ന് ഒഴിവാക്കൂ, സഞ്ജുവിന് ഒരു 10 മത്സരങ്ങളിൽ അവസരം നൽകുക. ഒന്നോ രണ്ടോ മത്സരങ്ങളിൽ അവസരം നൽകി പിന്നീടുള്ള മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന ശീലം ഒഴിവാക്കുക. ഒരു 10 കളികളിൽ അവസരം നൽകി, സഞ്ജുവിന്റെ പ്രകടനം വിലയിരുത്താൻ ശ്രമിക്കൂ,” രവി ശാസ്ത്രി പറയുന്നു.