രോഹിത്തിന് വയസ്സായി അടുത്ത ക്യാപ്റ്റൻ ഇവർ :പ്രവചിച്ച് രവി ശാസ്ത്രി

ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ആരഭിക്കാനിരിക്കുന്ന 2022 ഐപിഎൽ സീസൺ ദേശീയ ടീമിന്റെ നേതൃത്വപരമായ റോൾ ആർക്കൊക്കെ ഏറ്റെടുക്കാം എന്നതിനെക്കുറിച്ച് സൂചനകൾ നൽകുമെന്ന് ശാസ്ത്രി പറഞ്ഞു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് നിലവിൽ എല്ലാ ഫോർമാറ്റുകളിലും ടീം ഇന്ത്യയുടെ ക്യാപ്റ്റൻ.

എന്നാൽ, രോഹിത്തിന് ഇതിനകം തന്നെ 34 വയസ്സായി, അതിനാൽ അടുത്ത കുറച്ച് വർഷങ്ങളിൽ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കാൻ പ്രായം കുറഞ്ഞ കളിക്കാരനെ മാനേജ്മെന്റ് നോക്കുമെന്ന് ശാസ്ത്രി കരുതുന്നു. “രോഹിത് ചെറുപ്പമല്ല. രണ്ട്, മൂന്ന് വർഷം പിന്നിടുമ്പോൾ പുതിയ ക്യാപ്റ്റനെ കണ്ടത്തേണ്ടി വരും,” ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാൻ സാധ്യതയുള്ള നാല് ഓപ്ഷനുകളും ശാസ്ത്രി പറഞ്ഞു.

രോഹിതിന് പകരം ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരെയാണ് ശാസ്ത്രി തിരഞ്ഞെടുത്തത്. നാല് പേരും അവരുടെ ഐപിഎൽ ഫ്രാഞ്ചൈസികളുടെ തലവന്മാരാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഋഷഭ് പന്ത് ഇതിനകം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാണെങ്കിൽ, വരാനിരിക്കുന്ന സീസണിൽ ശ്രേയസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കും. അതുപോലെ, യഥാക്രമം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ രണ്ട് പുതിയ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റൻമാരാണ് രാഹുലും ഹാർദിക്കും.

“പുതിയ നായകനിലേക്ക് നോക്കേണ്ടി വന്നാൽ, ഞാൻ ഋഷഭ് പന്തിനെ നോക്കും. അല്ലെങ്കിൽ ഞാൻ ശ്രേയസ് അയ്യരെ നോക്കും. അവനും ആ പൊസിഷനിലേക്ക് വളരെ അടുത്ത് നിൽക്കുന്നു. തീർച്ചയായും കെഎൽ രാഹുലും യോഗ്യനാണ്, അവൻ നായക പദവി കൈകാര്യം ചെയ്യുന്ന രീതി മികച്ചതാണ്. ലളിതമായ കാരണത്താലാണ് ഹാർദിക്ക്, അവന് മറ്റു കളിക്കാരിലേക്ക് മികച്ച കളി പുറത്തെടുക്കാൻ ഊർജം പകരാൻ കഴിയും,” ശാസ്ത്രി പറഞ്ഞു.