ഏകദിനത്തിൽ 76 ശരാശരി,പക്ഷെ ടീമിൽ സ്ഥാനമില്ല 😳😵💫സഞ്ജു സാംസണിനായി കട്ടക്ക് വാദിച്ചു ശശി തരൂർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്കറ്റ് കീപ്പർ ചർച്ചകൾ ചൂടുപിടിക്കുകയാണ്. പുരോഗമിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ, ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ആധിപത്യം പുലർത്തുമ്പോൾ, ഇന്ത്യൻ നിരയിൽ ഒരു വിധം എല്ലാവരും മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നതിനേക്കാൾ ഉപരി, അവരവരുടെ റോൾ കൃത്യമായി ചെയ്യുന്നുണ്ട് എന്ന് വേണം പറയാൻ. അതേസമയം, കെഎൽ രാഹുലിന് മാത്രം ഇതുവരെ ഒരു മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല.
ഓസ്ട്രേലിയക്കെതിരെ എന്ന് മാത്രമല്ല, രാഹുലിന്റെ സമീപകാല പ്രകടനങ്ങൾ എല്ലാം കണക്കിലെടുത്താലും, അദ്ദേഹത്തിന്റെ പ്രതിപക്കൊത്ത് ഉയർന്ന ഒരു പ്രകടനം കാണാൻ ഇടയില്ല. എന്നാൽ, രാഹുലിന് വീണ്ടും വീണ്ടും ഇന്ത്യൻ ടീമിൽ സ്ഥാനം നൽകുമ്പോൾ, ലഭിച്ച അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തുടർച്ചയായി തഴയുന്നത് ആരാധകരോക്ഷത്തിന് കാരണമാകുന്നുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ തിരുവനന്തപുരം എംപി ശശി തരൂർ വീണ്ടും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകനായ ശേഖർ ഗുപ്ത കെഎൽ രാഹുലിനെ സംബന്ധിച്ച് പങ്കുവെച്ച ട്വീറ്റിന് മറുപടിയായി ആണ് ശശി തരൂർ പ്രതികരിച്ചത്. “നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് മാറിയപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ചതായി മാറി. 2017 മുതൽ ടോപ്പ് ഓർഡറിൽ 49 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 25 ശരാശരിയോടെ കെഎൽ രാഹുലിന് തന്റെ സ്ഥാനം നിലനിർത്താൻ ആകുമെങ്കിൽ, പഴയ തിരഞ്ഞെടുപ്പ് പ്രക്രിയ മാറിയിരിക്കണം,” ശേഖർ ഗുപ്ത പറഞ്ഞു.
ഇതിന് മറുപടിയായി കോൺഗ്രസ് നേതാവ് കൂടിയായ ശശി തരൂർ ഇങ്ങനെ പ്രതികരിച്ചു, “അപ്പോൾ, സഞ്ജു സാംസന്റെ കാര്യമോ? ഏകദിനത്തിൽ 76 ശരാശരി, എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ നിന്ന് വീണ്ടും ഒഴിവാക്കപ്പെട്ടു. പ്രകടനം നടത്താത്തവർക്ക് ഒരു നീണ്ട കയർ നൽകുന്നത് വളരെ നല്ലതാണ്, പക്ഷേ തീർച്ചയായും അത് കഴിവുള്ള വ്യക്തികളുടെ ചെലവിൽ അല്ലെ?,” ശശി തരൂർ പ്രതികരിച്ചു.