അവസാന 11 ഇന്നിംഗ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം; ഋഷഭ് പന്തിനെ കുറിച്ചുള്ള വിവിഎസ് ലക്ഷ്മന്റെ പ്രതികരണത്തെ പരിഹസിച്ച് ശശി തരൂർ എംപി

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്ന വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ, ലോകകപ്പിന് ശേഷം നടക്കാനിരുന്ന ന്യൂസിലാൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് സഞ്ജു സാംസൺ ആരാധകർക്ക് ആശ്വാസകരമായ ഒരു കാര്യമായിരുന്നു. എന്നാൽ ഇപ്പോൾ ന്യൂസിലാൻഡ് പര്യടനം അവസാനിച്ചപ്പോൾ, ആകെ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം നൽകിയത്.

ടി20 പരമ്പരയിൽ ഒരു മത്സരം മാത്രമാണ് പൂർത്തിയാക്കിയതെങ്കിലും, മൂന്നാമത്തെ മത്സരം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ രണ്ടു മത്സരങ്ങൾക്കുമുള്ള പ്ലെയിങ് ഇലവനിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജുവിന് കളിപ്പിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ചില അസാധാരണമായ കാരണങ്ങളാൽ അതിന് സാധിച്ചില്ല എന്നാണ് ടി20 ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് പാണ്ഡ്യ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

അതേസമയം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവസരോചിതമായ ഇന്നിംഗ്സ് കളിച്ച സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കളിപ്പിച്ചില്ല. പ്ലെയിങ് ഇലവനിൽ 6 ബൗളർമാരെ ഉൾപ്പെടുത്തുന്നതിന് ഭാഗമായി ആണ് സഞ്ജുവിനെ ഒഴിവാക്കിയത് എന്നായിരുന്നു ഏകദിന ടീം ക്യാപ്റ്റനായ ശിഖർ ധവാന്റെ വിശദീകരണം. എന്നാൽ ഈ മത്സരങ്ങളിൽ എല്ലാം അവസരം നൽകിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ബാറ്റിംഗിൽ പൂർണ്ണ പരാജയം ആകുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ ഈ വിഷയത്തിൽ തിരുവനന്തപുരം എംപിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ശശി തരൂർ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

“വൈറ്റ്-ബോൾ ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ്പ് ഓർഡർ ബാറ്റർമാരിൽ ഒരാളാണ് താനെന്ന് കാണിക്കാൻ ഐപിഎല്ലിനായി കാത്തിരിക്കേണ്ടി വരുന്ന സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. നാലാം നമ്പറിൽ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, അതിനാൽ അദ്ദേഹത്തെ പിന്താങ്ങേണ്ടത് പ്രധാനമാണ്, വിവിഎസ് ലക്ഷ്മൺ പറയുന്നു. അവസാന 11 ഇന്നിംഗ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം, ഏകദിനത്തിൽ 66 ശരാശരിയുള്ള സാംസൺ അവസാന അഞ്ച് മത്സരങ്ങളിലും ബെഞ്ചിലുണ്ട്,” ശശി തരൂർ ട്വീറ്റ് ചെയ്തു.

Rate this post