കിഷനെ സ്ലഡ്ജ് ചെയ്ത് ഷംസി ; ഷംസിയുടെ തൊട്ടടുത്ത ബോളിൽ മറുപടി നൽകി ഇന്ത്യൻ ഓപ്പണർ

വിശാഖപട്ടണത്ത് പുരോഗമിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ദക്ഷിണാഫ്രിക്കക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക്, മൂന്നാം മത്സരവും പരാജയപ്പെട്ടാൽ പരമ്പര കൈവിട്ടുപോവും എന്ന ഉറച്ച ബോധ്യമുള്ളതിനാൽ വളരെ മികച്ച രീതിയിൽ ആണ് ഇന്ത്യൻ താരങ്ങൾ മത്സരത്തെ സമീപിച്ചത്.

തുടർച്ചയായി മൂന്നാം മത്സരത്തിലും ടോസ് നഷ്ടമായി ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങിയപ്പോൾ, മികച്ച ഫോം തുടരുന്ന ഇഷാൻ കിഷനും ഫോം വീണ്ടെടുത്ത ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടു. ഇരുവരും അർദ്ധസെഞ്ച്വറി നേടി ടീമിന് മികച്ച ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

കളിക്കിടെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഷംസിയും ഇന്ത്യൻ യുവ വിക്കറ്റ്കീപ്പർ ബാറ്റർ ഇഷാൻ കിഷനും തമ്മിൽ ഒരു നേർക്കുനേർ പോരാട്ടവും നടന്നു. ഷംസി എറിഞ്ഞ ഇന്നിംഗ്സിന്റെ 9-ാം ഓവറിലെ, നാലാം ബോൾ ഇഷാൻ കിഷൻ മിഡ്‌ വിക്കറ്റിലേക്ക് സിക്സ് പറത്തിയത് മുതലാണ് സംഭവങ്ങൾക്ക് തുടക്കമായത്. സിക്സ് വഴങ്ങിയ കലിപ്പിൽ, തൊട്ടടുത്ത ഡെലിവറി, ഷംസി ഒരു ഫുൾ ടോസ് എറിഞ്ഞപ്പോൾ അതിനെ റിവേഴ്‌സ് സ്വീപ്പിലൂടെ നേരിടാൻ കിഷൻ ശ്രമിച്ചെങ്കിലും, ശ്രമം വിചാരിച്ച ഫലം നല്കിയില്ല.

ഇതിന് പിന്നാലെ ഷംസി ഇഷാൻ കിഷന് നേരെ നടന്നടുത്ത്, കിഷനെ സ്ലഡ്ജ് ചെയ്തു. ഷംസിക്കുള്ള മറുപടി തൊട്ടടുത്ത ബോൾ ബൗണ്ടറി കടത്തി ഇഷാൻ കിഷൻ ബാറ്റുകൊണ്ട് നൽകുകയും ചെയ്തു. മത്സരത്തിൽ, 4 ഓവറിൽ 36 റൺസ് വഴങ്ങിയ ഷംസി ഒരു വിക്കറ്റ് വീഴ്ത്തി.