അവനെ ഇനിയും പരിഗണിച്ചേക്കും!! ലോകകപ്പ് സ്‌ക്വാഡിൽ എത്തിയേക്കും

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, നിരവധി ഇന്ത്യൻ താരങ്ങൾ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനമായ ഒരു വിമർശനം ആയിരുന്നു, സീനിയർ പേസർ മുഹമ്മദ്‌ ഷമിയെ ഏഷ്യ കപ്പ്‌ ടീമിൽ ഉൾപ്പെടുത്തിയില്ല എന്നത്. ജസ്‌പ്രീത് ബുംറയെ പരിക്ക് മൂലം ടീമിൽ നിന്ന് ഒഴിവാക്കിയിട്ടും, ഷമിക്ക് സെലക്ടർമാർ അവസരം നൽകിയിരുന്നില്ല.

മുഹമ്മദ്‌ ഷമിക്ക് പകരം, ഭൂവനേശ്വർ കുമാർ നയിക്കുന്ന ഇന്ത്യയുടെ പേസ് യൂണിറ്റിൽ യുവ താരങ്ങളായ ആവേഷ് ഖാൻ, അർഷദീപ് സിംഗ് എന്നിവരാണ് ഇടം പിടിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത്‌ ടൈറ്റൻസ് ജേതാക്കളായപ്പോൾ, ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി, ടൂർണമെന്റിൽ 16 കളികളിൽ നിന്ന് 20 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ, ഏഷ്യ കപ്പ്‌ ടീമിൽ ഷമിയെ ഉൾപ്പെടുത്താത്തതിന് പിന്നാലെ വരുന്ന ടി20 ലോകകപ്പിലും സീനിയർ താരത്തെ ഉൾപ്പെടുത്തിയേക്കില്ല എന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

എന്നാൽ, ഇത്തരം ചർച്ചകൾ തെറ്റാണെന്നും, ഷമി ഇപ്പോഴും ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളർ ആണെന്നും ഒരു സെലെക്ഷൻ കമ്മിറ്റി വക്താവ് വ്യക്തമാക്കി. അതേസമയം, സീനിയർ പേസറുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിയാണ്, അദ്ദേഹത്തെ ടി20 മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത് എന്നും സെലെക്ഷൻ കമ്മിറ്റി വക്താവ് പറഞ്ഞു. നിലവിൽ ജസ്‌പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവർക്ക് പരിക്കേറ്റതിനാൽ, ഭാവി തീരുമാനങ്ങൾ എന്തായിരിക്കും എന്നതിന്റെ സൂചനയും അദ്ദേഹം നൽകി.

“മുഹമ്മദ്‌ ഷമി ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളർ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജോലിഭാരം കുറക്കണം എന്ന ലക്ഷ്യത്തോടെയാണ്, അദ്ദേഹത്തിനെ ടി20 മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്. എന്നാൽ, പ്രധാന ബോളർമാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ, ഷമിയെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് ചർച്ച ഉണ്ടാകും, അതിന് ഇനിയും സമയമുണ്ട്,” സെലെക്ഷൻ കമ്മിറ്റി വക്താവ് പറഞ്ഞു.