ദേ പോകുന്നു സ്റ്റമ്പ്സ്.. സ്റ്റമ്പ്സ് അതിർത്തി പറത്തി ഷമി… ഷോക്കായി കാണികൾ
ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ, രണ്ടാം മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചതോടെ, മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, വലിയ ടോട്ടൽ കണ്ടെത്തുന്നതിന് മുന്നേ തന്നെ കൂടാരം കയറി. ഓസ്ട്രേലിയൻ നിരയിൽ അർദ്ധ സെഞ്ചുറി പ്രകടനങ്ങളുമായി, ഓപ്പണർ ഉസ്മാൻ ഖവാജ (81), പീറ്റർ ഹാൻഡ്സ്കോമ്പ് (72*) എന്നിവർ പൊരുതിയെങ്കിലും, മറ്റാരും തന്നെ വലിയ രീതിയിൽ പിന്തുണ നൽകിയില്ല.
മത്സരത്തിന്റെ ഒരു വേളയിൽ, ഓസ്ട്രേലിയ 168-6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ അവസ്ഥയിൽ ഓസ്ട്രേലിയ 200 കടക്കുമോ എന്ന കാര്യം സംശയത്തിൽ നിൽക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റൻ പാറ്റ് കുമ്മിൻസും (33) പീറ്റർ ഹാൻഡ്സ്കോമ്പും ചേർന്ന് ഓസ്ട്രേലിയൻ ടോട്ടൽ 200 കടത്തുകയായിരുന്നു. ഒടുവിൽ, പാറ്റ് കുമ്മിൻസിനെ എൽബിഡബ്ല്യു വിക്കറ്റിൽ കുടുക്കി രവീന്ദ്ര ജഡേജയാണ്, ഓസ്ട്രേലിയയുടെ 59 റൺസിന്റെ 7-ാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത്.
തുടർന്ന്, ക്രീസിൽ എത്തിയ ടോഡ് മർഫിക്ക് അധികനേരം പിടിച്ചുനിൽക്കാൻ സാധിച്ചില്ലെങ്കിലും, പത്താമനായി ക്രീസിൽ എത്തിയ നഥാൻ ലിയോൺ (10), പീറ്റർ ഹാൻഡ്സ്കോമ്പിന് പിന്തുണ നൽകി ക്രീസിൽ തുടർന്നത് ചെറിയ തോതിൽ ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചു. അതിനിടെ, മുഹമ്മദ് ഷാമി എറിഞ്ഞ ഒരു ഓവറിൽ, ലിയോൺ രണ്ട് തവണ ബൗണ്ടറി നേടിയത് ശ്രദ്ധേയമായി. എന്നാൽ, ലിയോണിന്റെ ഈ പ്രവർത്തിക്ക് ഷാമി തന്റെ തൊട്ടടുത്ത ഓവറിൽ തന്നെ മറുപടി നൽകി.
മുഹമ്മദ് ഷാമി എറിഞ്ഞ ഇൻഡിംഗ്സിന്റെ 74-ാം ഓവറിലെ രണ്ടാമത്തെ ഡെലിവറി, ലിയോണിനെ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. ലിയോണിനോടുള്ള തന്റെ അമർഷം തീർത്ത ഷാമി, അധികം വൈകാതെ മാത്യു കുന്നെമന്നിനെ കൂടി പുറത്താക്കി, തന്റെ ജോലി ഭംഗിയായി അവസാനിപ്പിച്ചു. മത്സരത്തിന്റെ ഒന്നാം ദിനം സ്റ്റംപ് എടുക്കുമ്പോൾ, ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിൽ തുടരുകയാണ്.