അമ്പയർക്ക്‌ വാണിംഗ് നൽകി കോഹ്‌ലി ; ഇനി മുതൽ ഇത്തരം തെറ്റായ മുന്നറിയിപ്പുകൾ തന്റെ കളിക്കാർക്ക് നൽകരുത്

ഇന്ത്യ ദക്ഷിണാഫ്രിക്ക കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോൾ, രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ദക്ഷിണാഫ്രിക്ക 101/2 എന്ന നിലയിലാണ്. 2 ദിവസവും 8 വിക്കറ്റും ഭാക്കി നിൽക്കെ, ദക്ഷിണാഫ്രിക്കക്ക്‌ വിജയിക്കാൻ 111 റൺസ് കൂടി ആവശ്യമാണ്. ഓപ്പണർമാരായ ഐഡൻ മാർക്രം (16), ഡീൻ എൽഗർ (30) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായ ആതിഥേയർക്ക് വേണ്ടി കീഗൻ പീറ്റേഴ്സൺ (48*) ക്രീസിൽ തുടരുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്ര വിജയം കുറിക്കാൻ ഇന്ത്യക്ക്‌ 8 വിക്കറ്റുകൾ കൂടെ വീഴ്ത്തണം എന്നിരിക്കെ, ജസ്‌പ്രീത് ബുംറയും മുഹമ്മദ്‌ ഷമിയും നേതൃത്വം നൽകുന്ന പേസ് യൂണിറ്റിലാണ് ഇന്ത്യ മുഴുവൻ പ്രതീക്ഷയും അർപ്പിക്കുന്നത്. കൂടാതെ, വിരാട് കൊഹ്‌ലിയുടെ സാന്നിധ്യവും കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക്‌ വലിയ ഊർജ്ജം സമ്മാനിച്ചിട്ടുണ്ട്. ബാറ്റിംഗിൽ ഒന്നാം ഇന്നിംഗ്സിൽ ടോപ് സ്കോററും, രണ്ടാം ഇന്നിംഗ്സിൽ റിഷഭ് പന്തുമായി ചേർന്ന് നിർണ്ണായക കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത കോഹ്‌ലി, ഇന്ത്യയുടെ ബൗളിംഗ് സമയത്ത് ബൗളർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സഹതാരങ്ങളോട് കയ്യടിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ എല്ലാം വയറലായിരുന്നു.

എന്നാൽ, മത്സരത്തിന്റെ രണ്ടാം ദിനം ക്യാപ്റ്റൻ കോഹ്ലിയുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്ന ഒരു കാഴ്ച്ച ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചു. ഫീൽഡ് അമ്പയർ മറായിസ് ഇറാസ്മസ്‌ സ്വീകരിച്ച ഒരു തെറ്റായ നടപടി ചൂണ്ടിക്കാട്ടി, അമ്പയറുമായി കോഹ്‌ലി ഏറെ നേരം വാക്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമി പിച്ചിലെ അപകടമേഖലയിലൂടെ ഓടി എന്ന് ചൂണ്ടിക്കാണിച്ച്, അമ്പയർ ഇറാസ്മസ് ഷമിക്ക് ഒരു ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതാണ് കോഹ്‌ലിയെ പ്രകോപിതനാക്കിയത്.

എന്നാൽ, സാധാരണ നിലയിൽ നിന്ന് പിച്ച് വേഗത്തിൽ വഷളാകുന്നത് തടയാൻ, ഫോളോ-അപ്പ് സമയത്ത് ബൗളർമാർ അപകടമേഖലയിൽ ചവിട്ടിയാൽ, ചട്ടപ്രകാരം ഫീൽഡ് അമ്പയർക്ക്‌ മുന്നറിയിപ്പ് നൽകാൻ അവകാശമുണ്ട്. പക്ഷെ, ഷമി അപകടമേഖലയിലൂടെ ഓടിയിട്ടില്ല എന്നായിരുന്നു വിരാട് കോഹ്ലിയുടെ വാദം. അമ്പയറും കോഹ്ലിയും ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടെങ്കിലും, ടിവി റിപ്ലൈകളിൽ ഷമി അപകടമേഖലയിൽ ചവിട്ടിയിട്ടില്ല എന്നും, കോഹ്ലിയുടെ വാദം ശരിയാണെന്ന് എന്നും വ്യക്തമായി.