കോഹ്ലിയോട് താരതമ്യം ചെയ്യാനൊന്നും ബാബർ അസം വളർന്നിട്ടില്ല ; തുറന്നടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമി

പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് അന്യായമാണെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കരുതുന്നു. വിരാട് കോഹ്‌ലി നീണ്ട കരിയർ കാലയളവിൽ താൻ ഒരു മികച്ച കളിക്കാരനാണ് എന്ന് തെളിയിച്ചിട്ടുണ്ട്, അതുകൊണ്ട് അസമിനെ കൂടുതൽ കളിക്കാൻ അനുവദിക്കൂ, എന്നിട്ട് അവൻ സ്വന്തം കഴിവ് സ്ഥിരതയുള്ളതാണ് എന്ന് തെളിയിക്കട്ടെ എന്നാണ് ഇന്ത്യൻ പേസറുടെ അഭിപ്രായം.

വർഷങ്ങളായി, വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവർ ലോക ക്രിക്കറ്റിലെ ‘ഫാബ് ഫോർ’ എന്ന ഖ്യാതി നേടിയിട്ടുണ്ട്, അത് അവരുടെ എല്ലാ ഫോർമാറ്റുകളിലും ഉള്ള മിടുക്ക് കാരണമാണ് നേടിയെടുത്തത്. അടുത്ത കാലത്തായി, ബാബർ അസമിനെപ്പോലുള്ള കളിക്കാർ ഉയർന്നു വരുന്നുണ്ട്, എന്നാൽ കോഹ്‌ലിയെയോ സ്മിത്തിനെയോ വെച്ചൊന്നും അവരെ താരതമ്യം ചെയ്യാറായിട്ടില്ല, ഷമി പറയുന്നു.

എന്നിരുന്നാലും, അടുത്തിടെ 2021-ലെ ഏകദിന പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയ പാകിസ്ഥാൻ നായകനിൽ ഷമി മതിപ്പ് പ്രകടിപ്പിക്കുന്നുണ്ട്, എന്നിരുന്നാലും അദ്ദേഹം വലിയ കാലയളവിൽ തന്റെ സ്ഥിരതയും കഴിവും തെളിയിക്കേണ്ടതുണ്ടെന്ന് മുഹമ്മദ് ഷമി കരുതുന്നു. “അടുത്തിടെ ആയി പാകിസ്ഥാൻ വളരെ മികച്ച ക്രിക്കറ്റ് കളിക്കുന്നു, മൂന്ന്-നാല് കളിക്കാരുടെ പ്രകടനം അവരെ വളരെയധികം സഹായിക്കുന്നു. ബാബർ അസം ഒരു മികച്ച കളിക്കാരനാണ് എന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തെ സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, വിരാട് കോഹ്‌ലി എന്നിവരോട് താരതമ്യം ചെയ്യുന്നത് അനീതിയാണ്,” ഇന്ത്യ ഡോട്ട് കോമിനോട് സംസാരിക്കവെ ഷമി പറഞ്ഞു.

“കോഹ്ലിയും, സ്മിത്തുമൊക്കെ കളിച്ച അത്രയും വർഷം അവനെ (അസം) കളിക്കാൻ അനുവദിക്കു, എന്നിട്ട് നമുക്ക് വിലയിരുത്താം. ഇപ്പോൾ, അവൻ ഇങ്ങനെ കളിക്കുന്നത് തുടരുകയാണെങ്കിൽ, അവൻ പാകിസ്ഥാനിൽ നിന്നുള്ള ഇതിഹാസങ്ങളിൽ ഒരാളായി തന്റെ കരിയർ അവസാനിപ്പിക്കും എന്ന് ഞാൻ ഇപ്പോൾ പറയുന്നു,” 31 കാരനായ വലംകൈയ്യൻ പേസർ കൂട്ടിച്ചേർത്തു.