ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഒന്നാം ദിനം, ആതിഥേയരായ ടീം ഇന്ത്യയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഒന്നാം മത്സരത്തിനേക്കാൾ ഭേദപ്പെട്ട പ്രകടനം ഓസ്ട്രേലിയൻ ബാറ്റർമാർക്കും കാഴ്ചവെക്കാൻ സാധിച്ചു. ഉസ്മാൻ ഖവാജ (81), പീറ്റർ ഹാൻഡ്സ്കോമ്പ് (72*) എന്നിവരുടെ പിൻബലത്തിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 263 റൺസ് നേടി.
ഒന്നാം ഇന്നിംഗ്സിൽ, ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനത്തിന് പിന്നാലെ, നന്മ നിറഞ്ഞ ഒരു പ്രവർത്തിയും മത്സരത്തിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയിൽ നിന്ന് കാണാൻ സാധിച്ചു. ഷമിയുടെ പ്രവർത്തിക്ക് ആരാധകർ കയ്യടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുകയാണ്. വൈറൽ വീഡിയോയിൽ എന്താണ് ഉള്ളത് എന്ന് നോക്കാം.

മത്സരങ്ങൾക്കിടെ, തങ്ങളുടെ ഇഷ്ട കളിക്കാരെ അടുത്ത് നിന്ന് കാണുന്നതിനായി, ആരാധകർ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തേക്ക് ഓടിവരുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിൽ, ഡ്രിങ്ക്സ് ബ്രേക്കിനിടെ ഒരു ഇന്ത്യൻ ആരാധകൻ, സെക്യൂരിറ്റിക്കാരുടെ കണ്ണിൽ പെടാതെ, സെക്യൂരിറ്റി ഭിത്തി ചാടിക്കടന്ന് മൈതാനത്തേക്ക് കടന്നു. എന്നാൽ, ആ ആരാധകൻ തന്റെ ഇഷ്ടതാരത്തിന്റെ അടുത്ത് എത്തുന്നതിനു മുന്നേ തന്നെ, സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ പിടികൂടി.
ശേഷം, ആരാധകൻ മൈതാനം വിടാൻ കൂട്ടാക്കാതെ വന്നതോടെ, അയാളെ പുറത്തേക്ക് കൊണ്ടു പോകാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. ആരാധകൻ നിലത്ത് കിടന്ന സമയത്ത്, അയാളെ സെക്യൂരിറ്റിക്കാർ വലിക്കുകയും ചെയ്തു. ഇത് കണ്ട ഇന്ത്യൻ താരം മുഹമ്മദ് ഷമി, സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ആരാധകനെ ശാരീരികമായി പരിക്കേൽപ്പിക്കരുത് എന്ന തരത്തിൽ പറയുന്നതായി കണ്ടു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നത്.