ലോകകപ്പ് നേടുന്നതിനേക്കാൾ തങ്ങൾക്ക് പ്രധാനം ഇന്ത്യയെ പരാജയപ്പെടുത്തുക എന്നതാണ് ; ബംഗ്ലാദേശ് ക്യാപ്റ്റൻ ശാക്കിബ് അൽ ഹസ്സൻ പറയുന്നു

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് (ബുധനാഴ്ച) തങ്ങളുടെ നാലാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ന് ഉച്ചക്ക് 1:30 ന് അഡ്ലൈഡ് ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യക്ക് നിർണായകമായ മത്സരം നടക്കാനിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ട ഇന്ത്യക്ക്, ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വിജയം സെമി പ്രതീക്ഷകൾ ഊർജിതമാക്കാൻ നിർണായകമാണ്.

എന്നാൽ, ലോകകപ്പ് നേടുന്നതിനേക്കാൾ തങ്ങൾക്ക് പ്രധാനം ഇന്ത്യയെ ഒരു മത്സരത്തിലെങ്കിലും പരാജയപ്പെടുത്തുന്നതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ ശാക്കിബ് അൽ ഹസ്സൻ. “ഇന്ത്യ ലോകകപ്പിലെ ഫേവറേറ്റുകൾ ആണ്. അതുകൊണ്ടുതന്നെ കിരീടം നേടുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. എന്നാൽ ഞങ്ങൾ ലോകകപ്പിലെ ഫേവറേറ്റുകൾ ഒന്നുമല്ല. അതുകൊണ്ട് കിരീടം നേടുക എന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യവുമല്ല,” ശാക്കിബ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ്‌ മീറ്റിൽ പറഞ്ഞു.

“ഇന്ത്യയെപ്പോലുള്ള വമ്പൻ ടീമുകളെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾക്ക് ഇനിയുള്ള മത്സരങ്ങൾ ഇന്ത്യയ്ക്കെതിരെയും പാകിസ്താനെതിരെയുമാണ്. ഈ രണ്ട് മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കാൻ ആയാൽ, അത് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളായി ശ്രദ്ധിക്കപ്പെടും. ആ അട്ടിമറികൾ നടത്തുവാൻ വേണ്ടിയാണ് ഞങ്ങൾ പരിശ്രമിക്കുന്നത്,” ബംഗ്ലാദേശ് ക്യാപ്റ്റൻ വ്യക്തമാക്കി.

“ഈ ലോകകപ്പിൽ തന്നെ അയർലൻഡ് ഇംഗ്ലണ്ടിനെയും സിംബാബ്‌വെ പാകിസ്ഥാനെയും പരാജയപ്പെടുത്തി. ഇത് ആവർത്തിക്കാൻ ഞങ്ങൾക്കും സാധ്യമാണ്. അതാണ് ഞങ്ങളുടെ ലക്ഷ്യം അതിനു വേണ്ടി ഞങ്ങൾ പരിശ്രമിക്കും. മൈതാനത്തെ പ്രകടനവും ഈ ദിവസവും ഞങ്ങൾക്ക് അനുകൂലമായാൽ അത്ഭുതങ്ങൾ സംഭവിക്കും,” ശാക്കിബ് അൽ ഹസ്സൻ പറഞ്ഞു. അതേസമയം, ഇന്ത്യൻ നിരയിൽ നിലവിൽ അപകടകാരി സൂര്യകുമാർ യാദവ് ആണെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ വെളിപ്പെടുത്തി. എന്നാൽ, ഇന്ത്യ ഇന്നത്തെ മത്സരം ഏതുവിധേനയും വിജയിച്ച് സെമി സാധ്യതകൾ നിലനിർത്താൻ ആണ് ഇറങ്ങുന്നത്.