ഇന്ത്യ ഭയക്കേണ്ട അയാളെ നമുക്ക് നേരിടാം!! ഇന്ത്യക്ക്‌ ഉപദേശവുമായി മുൻ പാക് താരം

ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് മത്സരങ്ങളിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് 2021 ടി20 ലോകകപ്പിലാണ് അന്ത്യമായത്. 2021 ടി20 ലോകകപ്പിൽ ഇന്ത്യ നോക്ക്-ഔട്ട്‌ ഘട്ടം കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ, പാകിസ്ഥാനുമായുള്ള മത്സരത്തിൽ 10 വിക്കറ്റിന്റെ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആ മത്സരത്തിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാരായ രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ഇടംകയ്യൻ പേസർ ഷഹീൻ അഫ്രീദിയാണ്‌ പാകിസ്ഥാന്റെ വിജയശിൽപ്പിയായത്.

മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലും, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാന് എതിരെയാണെന്നിരിക്കെ, പാക് നിരയിൽ ഷഹീൻ അഫ്രീദി തന്നെയാണ് ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നത്. എന്നാൽ, ഷഹീനെ ഭയക്കേണ്ടതില്ലെന്നും, ഷഹീന്റെ ബോളുകളെ എങ്ങനെ നേരിടണമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ.

“ഷഹീന്റെ ബോളുകളെ ഇന്ത്യ ഭയക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നില്ല. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി ഉൾപ്പെടെ ഇന്ത്യൻ നിരയിൽ മികച്ച ബാറ്റർമാർ ഉണ്ട്. ഫുൾ ലെങ്ത് ബോളുകളെ ഇൻ സ്വിംഗ് ആയി എറിയാൻ ആയിരിക്കും ഷഹീൻ ശ്രമിക്കുക. അതിനെ നേരിടാൻ ഒരു വഴിയുണ്ട്. അത്തരം ബോളുകളെ കാലുകൊണ്ട് കളിക്കാതിരിക്കുക. ശരീരത്തോട് ബാറ്റ് അടുപ്പിച്ചുവെച്ച് അത്തരം ബോളുകളെ കളിക്കുക,” ഡാനിഷ് കനേരിയ പറയുന്നു.

സൂര്യകുമാർ യാദവിന്റെ സ്ക്വയർ ലെഗ്ഗിന് മുകളിലൂടെയുള്ള ഫ്ലിക് ഷോട്ടുകളും ഈ ബോളുകളെ നേരിടുന്നതിൽ പ്രധാനമാണെന്നും ഡാനിഷ് കനേരിയ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. അതേസമയം, ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്, അദ്ദേഹത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരിക്കും എന്നും ഡാനിഷ് കനേരിയ സൂചിപ്പിച്ചു.