അവൻ പണി തരുമോ??? നേരിടാൻ സൂത്രം പങ്കുവെച്ചു ഗൗതം ഗംഭീർ

കുട്ടിക്രിക്കറ്റിന്റെ പൊടിപൂരം തുടങ്ങാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം. ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 23ന് പാക്കിസ്ഥാന് എതിരെയാണ്. പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ടൂർണമെന്റിന് മുമ്പ് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവരുമായി സന്നാഹമത്സരവും ഇന്ത്യ കളിക്കും.

ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദിയെ എങ്ങനെയാണ് നേരിടേണ്ടത് എന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അഫ്രിദിയെ വരച്ച വരയിൽ നിർത്താൻ ഇന്ത്യൻ മുൻനിര ബാറ്റർമാർ കളിക്കേണ്ടത് പ്രതിരോധത്തിലൂന്നിയ സമീപനമല്ല, മറിച്ച് അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കണം എന്നാണ് ഗംഭീറിന്റെ അഭിപ്രായം.

കാരണം, എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി കളിക്കുമ്പോൾ എല്ലാം ചെറുതായിപ്പോകും. അത് നിങ്ങളുടെ ബാക്ക്ലിഫ്റ്റ് ആകാം, അല്ലെങ്കിൽ നിങ്ങളുടെ ഫുട് വർക്ക് ആകാം. മാത്രമല്ല, ട്വന്റി ട്വന്റി ക്രിക്കറ്റ് എന്നുപറയുന്നത് അതിജീവനത്തിന്റെ പോരാട്ടമല്ല, മറിച്ച് ആക്രമണോത്സുകതയുടെ നേർരൂപമാണ്. അതുകൊണ്ട് ഷഹീൻ അഫ്രീദിയെ ബാറ്റുകൊണ്ട് തന്നെ നേരിടണം എന്ന് സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ഗംഭീർ വ്യക്തമാക്കി.

ന്യൂ ബോളിൽ ഷഹീൻ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. എങ്കിലും അദ്ദേഹത്തിന്റെ പന്തുകൾ നേരിടാൻ കഴിവുള്ളവരാണ്‌ ഇന്ത്യയുടെ ടോപ് ഓർഡർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ പന്തുകൾക്ക്‌ മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ കീഴടങ്ങിയപ്പോൾ പത്ത് വിക്കറ്റിനാണ് അന്ന് പാക്കിസ്ഥാൻ വിജയിച്ചത്. കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യ കപ്പ് ടൂർണമെന്റിൽ പരുക്കു മൂലം ഷഹീൻ കളിച്ചിരുന്നില്ല.