വീരുവിന്റെ റെക്കോർഡ് തകർത്ത് പൃഥ്വി ഷാ :അപൂർവ്വ റെക്കോർഡിൽ സ്റ്റാറായി ഷാ

നവി മുംബൈയിലെ ഡോ.ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന 2022 ഐപിഎൽ സീസണിലെ 15-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടൂർണമെന്റിൽ തങ്ങളുടെ മികച്ച തുടക്കം തുടർന്നു. കെ ഗൗതം 1/23, രവി ബിഷ്‌ണോയി 2/22 എന്നിവരുടെ ബൗളിംഗ് പ്രകടനവും, ക്വിന്റൺ ഡി കോക്ക് (80) ന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമാണ് എൽഎസ്ജിയെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്.

ഇതോടെ, റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്‌ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ടു.എന്നിരുന്നാലും, ഡൽഹി നിരയിൽ പ്രിത്വി ഷായുടെ പ്രകടനം ശ്രദ്ധേയമായി. 34 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 179.41 സ്ട്രൈക്ക് റേറ്റോടെ 61 റൺസാണ് യുവ ഓപ്പണർ നേടിയത്. പവർപ്ലേ ഓവറുകളിൽ ഡിസി 52 റൺസ് നേടിയപ്പോൾ, അതിൽ 47 റൺസ് പ്രിത്വി ഷായുടെ സംഭാവനയായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. ഈ പ്രകടനത്തോടെ ഒരുപിടി നേട്ടങ്ങളും യുവ ഇന്ത്യൻ ഓപ്പണർ ബാറ്ററെ തേടിയെത്തിയിട്ടുണ്ട്.

പവർപ്ലേ ഓവറുകളിൽ 47 റൺസെടുത്ത പ്രിത്വി ഷായുടെ റൺ റേറ്റ് 147.68 ആയിരുന്നു. ഇതോടെ ഏറ്റവും ഉയർന്ന പവർപ്ലേ റൺറേറ്റ് നേടുന്ന ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് പ്രിത്വി ഷാ. മുൻ ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്റ്റൻ വിരേന്ദർ സെവാഗിന്റെ (144.16) റെക്കോർഡ് ആണ് യുവ ബാറ്റർ തിരുത്തോയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് ബാറ്റർ സൂര്യകുമാർ യാദവ് (140.66), സൺറൈസേഴ്സ് ഹൈദരാബാദ് താരം രാഹുൽ ട്രിപാതി (139.52) എന്നിവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.

കൂടാതെ, ഐപിഎൽ ചരിത്രത്തിൽ പവർപ്ലേ ഓവറുകളിൽ കുറഞ്ഞത് 500 റൺസ് നേടിയ ബാറ്റർമാരി ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്റർമാരുടെ പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണറുടെ സ്ഥാനം രണ്ടാമതാണ്. 173.93 സ്ട്രൈക്ക് റേറ്റുള്ള കെകെആർ ബാറ്റർ സുനിൽ നരൈൻ ആണ് ഈ പട്ടികയിൽ ഒന്നാമത്.