സെലക്ഷൻ കമ്മിറ്റിയെ പറപ്പിച്ചു 😳😳പുതിയ സെലക്ഷൻ കമ്മിറ്റി പുതിയ തുടക്കമോ??

ഐസിസി ടി20 ലോകകപ്പിൽ നിന്ന് ടീം ഇന്ത്യ സെമി ഫൈനലിൽ പുറത്തായതിന് പിന്നാലെ തന്നെ, ടീമിലും മാനേജ്മെന്റിലും കാര്യമായ അഴിച്ചുപണികൾ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ ആദ്യപടി എന്നോണം, ചേതൻ ശർമ്മ ചെയർമാൻ ആയിരുന്ന ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ബിസിസിഐ പിരിച്ചു വിട്ടിരിക്കുകയാണ്. 2020 ഡിസംബറിൽ ആണ് സുനിൽ ജോഷിക്ക് പകരം ചേതൻ ശർമ ചെയർമാൻ ആയി നിയമിതനായത്.

ചേതൻ ശർമ ചെയർമാൻ ആയ സെലക്ഷൻ കമ്മിറ്റിയിൽ, സുനിൽ ജോഷി, ദേബാഷിഷ് മോഹന്തി, ഹർവിന്ദർ സിംഗ്, അബയ് കുരുവിള എന്നിവരാണ് സെലക്ടർമാർ ആയി ഉണ്ടായിരുന്നത്. ഈ അഞ്ചംഗ കമ്മിറ്റിയെയാണ് ഇപ്പോൾ ബിസിസിഐ പിരിച്ചുവിട്ടിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റിയെ നിയമിക്കുമ്പോൾ തന്നെ, ഓരോ വർഷവും റിവ്യൂ ഉണ്ടാകും എന്ന മാനദണ്ഡം വെച്ചിരുന്നു. റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ് ആയി ചുമതല ഏറ്റതിനുശേഷം എടുത്ത ഏറ്റവും വലിയ തീരുമാനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

മുൻ ഇന്ത്യൻ ഓൾ റൗണ്ടർ കൂടിയായ ചേതൻ ശർമ ചെയർമാൻ ആയതിനുശേഷം നിരവധി വിമർശനങ്ങൾ സെലക്ഷൻ കമ്മിറ്റി നേരിട്ടിരുന്നു. 2021 ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിൽ പരിചയസമ്പന്നനായ യുസ്വേന്ദ്ര ചഹലിനെ ഉൾപ്പെടുത്താതെ യുവതാരങ്ങളായ വരുൺ ചക്രവർത്തി, രാഹുൽ ചാഹർ എന്നിവരെ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ബഹു ക്യാപ്റ്റൻസി ശരിയായ തീരുമാനമല്ല എന്ന കാരണത്താൽ, ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലിയെ മാറ്റിയതും വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

ഇപ്പോൾ, പുതിയ സെലക്ഷൻ കമ്മിറ്റിക്കുള്ള നോട്ടിഫിക്കേഷൻ ഇറക്കിയിരിക്കുകയാണ് ബിസിസിഐ. ഒഴിവുള്ള അഞ്ച് തസ്തികകളിലേക്കാണ് ബിസിസിഐ നോട്ടിഫിക്കേഷൻ ഇറക്കിയിരിക്കുന്നത്. 60 വയസ്സിൽ താഴെ പ്രായം, കുറഞ്ഞത് 7 ടെസ്റ്റ്‌ മത്സരങ്ങൾ അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങൾ അല്ലെങ്കിൽ 10 ഏകദിന മത്സരങ്ങളും 20 ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങളും കളിച്ച ആളുകൾക്കാണ് സെലക്ടർമാരുടെ വേക്കൻസിയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.