എന്ത്‌ നോക്കിയാണ് ടീം സെലക്ട്‌ ചെയ്യുന്നത്: താരത്തിനായി വാദിച്ച് സെവാഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഞായറാഴ്ച പ്രഖ്യാപിച്ചു. വമ്പൻ താരങ്ങളുടെ അഭാവത്തിൽ കെഎൽ രാഹുൽ നയിക്കുന്ന ഇന്ത്യൻ ടീമിലേക്ക് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും തിരിച്ചെത്തിയതോടൊപ്പം, ഉംറാൻ മാലിക്കിനും അർഷ്ദീപ് സിംഗിനും കന്നി കോൾ അപ്പ് ലഭിച്ചു.

എന്നിരുന്നാലും, സൺറൈസേഴ്‌സ് ഹൈദരാബാദ് ബാറ്റർ രാഹുൽ ത്രിപാഠിയെ സെലക്ടർമാർ ടീമിലേക്ക് പരിഗണിക്കാതിരുന്നത് മുൻ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചു. അൺക്യാപ്ഡ് താരത്തെ ടീമിലെടുക്കാതിരുന്ന തീരുമാനം മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെയും സ്പിന്നർ ഹർഭജൻ സിംഗിനെയും നിരാശരാക്കി. ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യൻ താരങ്ങൾ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.

ട്വിറ്ററിലൂടെയാണ് ഹർഭജൻ സിംഗ് തന്റെ നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. “രാഹുൽ ത്രിപാഠിയുടെ പേര് ടീമിൽ കാണാത്തതിൽ നിരാശയുണ്ട്. അവൻ ഒരു അവസരം അർഹിക്കുന്നു,” ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. മറുവശത്ത്, ത്രിപാഠിയുടെ അവസ്ഥയെ സൂര്യകുമാർ യാദവിന്റെ അവസ്ഥയുമായി സെവാഗ് താരതമ്യം ചെയ്തു.

2021-ൽ ഇന്ത്യൻ ടീമിൽ ഇടം നേടുന്നതിന് മുമ്പ് മുംബൈ ഇന്ത്യൻസ് ബാറ്റർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐ‌പി‌എല്ലിലെ തന്റെ മികച്ച പ്രകടനങ്ങൾ മുൻനിർത്തി സെലക്ടർമാരുടെ വാതിലുകളിൽ മുട്ടിക്കൊണ്ടിരുന്നു. പിന്നീട് ടി20 ലോകകപ്പ് ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. “കഴിഞ്ഞ വർഷം ഞങ്ങൾ സൂര്യകുമാറിനെക്കുറിച്ച് ഇതേ കാര്യം പറഞ്ഞതായി ഞാൻ കരുതുന്നു. ക്ഷമ ഒരു അനുഗ്രഹമാണ്,” സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു.

സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരങ്ങളിലൊരാളാണ് ത്രിപാഠി. ഈ സീസണിൽ ത്രിപാഠി 13 മത്സരങ്ങളിൽ നിന്ന് 39.30 ശരാശരിയിലും 161.72 സ്‌ട്രൈക്ക് റേറ്റിലും മൂന്ന് അർദ്ധ സെഞ്ച്വറികൾ സഹിതം 393 റൺസ് നേടിയിട്ടുണ്ട്.