സഞ്ജു കാണിച്ച മണ്ടത്തരം!! തുറന്ന് പറഞ്ഞ് വിരേന്ദർ സേവാഗ്!!

പഞ്ചാബിനെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിൽ 5 റൺസിന്റെ ദയനീയ പരാജയമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ 205 റൺസ് പിന്തുടർന്ന രാജസ്ഥാൻ അവസാന നിമിഷം കളി കൈവിടുകയായിരുന്നു. മത്സരശേഷം ഏറ്റവുമധികം വിമർശനങ്ങൾ നേരിടേണ്ടിവന്നത് രാജസ്ഥാന്റെ ക്യാപ്റ്റൻ സഞ്ജു സാംസനും കോച്ച് കുമാർ സംഗക്കാരെയും ആയിരുന്നു. ഇരുവരും ബാറ്റിംഗ് ഓർഡറിൽ വരുത്തിയ മാറ്റമാണ് മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെടാൻ പ്രധാന കാരണമായി മാറിയത് എന്ന് ആരാധകർ പറയുകയുണ്ടായി. ഇതേ നിലപാടാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിനുള്ളത്. ഹെറ്റ്മെയ്റിനെ മത്സരത്തിൽ ഇറക്കാൻ താമസിച്ചത് രാജസ്ഥാനെ ബാധിച്ചു എന്ന് സേവാഗ് പറയുന്നു.

“200 സ്ട്രൈക്ക് റേറ്റിലാണ് ഹെറ്റ്മെയ്ർ മത്സരത്തിൽ കളിച്ചത്. അതിന്റെ അർത്ഥം എന്താണ്? ഹെറ്റ്മെയ്ർ നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യേണ്ടിയിരുന്നു. ഒരുപക്ഷേ പരഗിനും പടിക്കലിനും മുൻപ് ഹെറ്റ്മെയ്റിനെ ബാറ്റിംഗിന് ഇറക്കണമായിരുന്നു. അദ്ദേഹം ഒരു ഇടങ്കയ്യൻ ബാറ്ററാണെന്ന് ഓർക്കണം. കൂടുതൽ പന്തുകൾ അദ്ദേഹത്തിന് നേരിടാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മത്സരത്തിന്റെ ഗതി മറ്റൊന്നായേനെ. ഇന്ത്യയിൽ വെച്ച് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഹെറ്റ്മെയ്ർ. ഇവിടത്തെ സാഹചര്യം അദ്ദേഹത്തിന് നന്നായി അറിയാം. കഴിഞ്ഞ വർഷങ്ങളിലൊക്കെയും രാജസ്ഥാൻ ടീമിന് വേണ്ടി ഹെറ്റ്മെയ്ർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഡൽഹി ടീമിലായിരുന്നപ്പോഴും അദ്ദേഹം മികച്ച രീതിയിൽ കളിച്ചിരുന്നു. ഡൽഹി ഫൈനലിലെത്താനുള്ള പ്രധാന കാരണം ഹെറ്റ്മെയ്ർ ആയിരുന്നു.”- സേവാഗ് പറയുന്നു.

“ഇത്ര അപകടകാരിയായ ബാറ്ററെ നേരത്തെ രാജസ്ഥാൻ ഇറക്കേണ്ടിയിരുന്നു. ഒരുപക്ഷേ അയാൾ നേരത്തെ പുറത്തായേനെ. എന്നിരുന്നാലും ഹെറ്റ്മെയ്ർക്ക് അടിച്ചു തകർക്കാൻ സാധിച്ചിരുന്നെങ്കിൽ ഓരോവർ മുൻപെങ്കിലും രാജസ്ഥാൻ മത്സരത്തിൽ വിജയിച്ചേനെ. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിലെങ്കിലും ടോപ്പ് നാലിൽ രാജസ്ഥാൻ ഹെറ്റ്മെയ്റിനെ ഇറക്കാൻ തയ്യാറാവണം. സഞ്ജു സാംസനും കുമാർ സംഗക്കാരെയും കാട്ടിയ വലിയ ഒരു അബദ്ധമായാണ് എനിക്ക് ഈ ബാറ്റിംഗ് ഓർഡർ കണ്ടിട്ട് തോന്നിയത്.”- സേവാഗ് പറഞ്ഞു.

മത്സരത്തിന്റെ അവസാന ഓവറുകളിൽ ഹെറ്റ്മെയ്റും ജുറലും ചേർന്ന് വമ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഹെറ്റ്മെയ്ർ മത്സരത്തിൽ 18 പന്തുകളിൽ 36 റൺസ് നേടി. ജൂറൽ 15 പന്തുകളിൽ 32 റൺസ് നേടി പിന്തുണ നൽകി. എന്നിരുന്നാലും അവസാന ഓവറുകളിൽ രാജസ്ഥാൻ അടിയറവ് പറയുകയായിരുന്നു. മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു രാജസ്ഥാന്റെ പരാജയം. എന്നിരുന്നാലും അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചു വരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ്.

Rate this post