എല്ലാം തനിക്ക് തന്നെ ചെയ്യണം എന്ന് സഞ്ജു കരുതരുത്!! വിമർശനവുമായി ഇതിഹാസതാരം വിരേന്ദർ സേവാഗ്

ഈ ഐപിഎൽ സീസണിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ആണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ചവച്ചത്. ടീം വളരെയധികം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ, 32 പന്തിൽ 60 റൺസ് സ്കോർ ചെയ്ത് അവസരോചിതമായ ഇന്നിങ്സ് ആണ് സഞ്ജു കളിച്ചത്. മത്സരത്തിന് ശേഷം നിരവധി പേർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ, മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് സഞ്ജു പുറത്തായ രീതിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. നൂർ അഹമ്മദിന് എതിരെ ഒരു ഫോറും ഒരു സിക്സും തുടർച്ചയായി നേടിയതിന് ശേഷം, അടുത്ത ബോളും ഉയർത്തിയടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഡേവിഡ് മില്ലർക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങിയത്. സഞ്ജു പുറത്തായ ഈ രീതിയെയാണ്, ക്രിക്ബസിൽ മത്സരം വിശകലനം ചെയ്ത സെവാഗ് കുറ്റപ്പെടുത്തിയത്.

“സഞ്ജു അവസരോചിതമായി മികച്ച ഇന്നിങ്സ് ആണ് കളിച്ചത്. എന്നാൽ, അദ്ദേഹം പുറത്തായ രീതി എനിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഒരു സിക്സും ഒരു ബൗണ്ടറിയും നേടിയതിന് തൊട്ടടുത്ത ബോളിലാണ് അദ്ദേഹം പുറത്തായത്. നൂർ അഹമ്മദിന്റെ ബോൾ ഓഫ്സൈഡിന് പുറത്തേക്കാണ് വന്നത്. ആ ബോൾ ഹിറ്റ് ചെയ്യുന്നതിന് പകരം, സ്ട്രൈക്ക് കൈമാറാൻ ശ്രമിക്കേണ്ടതായിരുന്നു. ഹെറ്റ്മയറും വലിയ ഷോട്ടുകൾ കളിക്കാൻ കൽപ്പുള്ള ബാറ്റർ ആണ്,” സേവാഗ് തുടർന്നു.

“തനിക്ക് എല്ലാ ബോളുകളും ഉയർന്ന ഷോട്ടുകൾ എടുക്കണമെന്ന് ആഗ്രഹിക്കരുത്. ചിലപ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് മുഴുവൻ ഇന്നിങ്സും ക്രീസിൽ തുടരുന്നത് ആയിരിക്കും ടീമിന് ഗുണം ചെയ്യുക. ഒരുപക്ഷേ സഞ്ജു കുറച്ചുകൂടി സമയം ക്രീസിൽ തുടർന്നിരുന്നെങ്കിൽ, ഒരു ഓവർ മുന്നേ തന്നെ റോയൽസ് വിജയിച്ചേനെ. എന്തുതന്നെയായാലും അദ്ദേഹത്തിന്റെ ഇന്നിങ്സ് വളരെ ആവേശകരമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല,” സേവാഗ് പറഞ്ഞു.

Rate this post