ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റർ ആണ് വിരേന്ദർ സെവാഗ്. ഒരു ഇന്നിംഗ്സിന്റെ ആദ്യ ബോൾ തന്നെ യാതൊരു മടിയും കൂടാതെ സിക്സ് പറത്താൻ കെൽപ്പുള്ള ബാറ്റർ, അതാണ് വിരേന്ദർ സെവാഗ്. ഒരുകാലത്ത് ഇന്ത്യൻ ടീമിൽ പവർ ഹിറ്റർമാരുടെ കുറവ് ശരിക്കും അനുഭവപ്പെട്ട സമയത്താണ്, വിരേന്ദർ സെവാഗ് എന്ന 21-കാരൻ ഇന്ത്യൻ ടീമിൽ എത്തുന്നത്.
1999-ൽ പാകിസ്ഥാനെതിരെ ഏകദിന ഫോർമാറ്റിൽ ആയിരുന്നു സെവാഗിന്റെ അരങ്ങേറ്റം. എന്നാൽ, അന്ന് ഒരു മധ്യനിര ബാറ്റർ ആയിയാണ് സെവാഗ് കളിച്ചിരുന്നത്. അന്ന് എതിരാളികൾ ഭയന്നിരുന്ന പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തറിനെ നിർഭയം നേരിട്ട ആ യുവ ബാറ്ററെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു തുടങ്ങി. പിന്നീടായിരുന്നു, സെവാഗിന് ഇന്ത്യ ഓപ്പണർ ആയി സ്ഥാനക്കയറ്റം നൽകിയത്.
സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുമ്പോൾ സെവാഗ് ഓപ്പണറായി എത്തുന്നത്. എന്നാൽ, യഥാർത്ഥത്തിൽ തന്നിലെ ഓപ്പണറുടെ കഴിവ് ഗാംഗുലി അല്ല കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരേന്ദർ സെവാഗ്. ഇന്ത്യൻ ടീമിലെ തന്റെ സഹതാരവും സുഹൃത്തുമായിരുന്ന പേസർ സഹീർ ഖാൻ ആണ് തന്നെ ഓപ്പണർ ആക്കാൻ ഗാംഗുലിയോട് നിർദ്ദേശിച്ചതെന്ന് കഴിഞ്ഞദിവസം സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു പരിപാടിയിൽ സെവാഗ് പറഞ്ഞു.
“ഞാൻ ഒരു മധ്യനിര ബാറ്റർ ആയിയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഷൊയ്ബ് അക്തർക്കെതിരെയുള്ള ആ ചരിത്രമൊക്കെ പിറന്നത് ഞാൻ മധ്യനിര ബാറ്റർ ആയിരിക്കുമ്പോഴാണ്. പിന്നീട്, സഹീർ ഖാൻ ആണ് എന്നെ ഓപ്പണർ ആയി ഇറക്കാൻ ഗാംഗുലിയോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഗാംഗുലി ആദ്യമായി എന്നെ ഓപ്പണർ ആയി പരിഗണിക്കുന്നത്,” വിരേന്ദർ സെവാഗ് പറഞ്ഞു. ഇന്ത്യക്കായി 104 ടെസ്റ്റിൽ നിന്ന് 8586 റൺസും, 251 ഏകദിനങ്ങളിൽ നിന്ന് 8273 റൺസും സെവാഗ് നേടിയിട്ടുണ്ട്.