സച്ചിനെ പാക് താരങ്ങൾ വളഞ്ഞ് നിന്ന് അ ധിക്ഷേപിച്ച ആ മത്സരം ഞാൻ മറക്കില്ല ; ഇന്ത്യ പാക് മത്സരങ്ങൾ ഓർമ്മിച്ചെടുത്ത് വിരേന്ദ്ര സെവാഗ്

ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാകാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാൽ സമീപകാലങ്ങളിൽ ഐസിസി, എസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ നടക്കാറുള്ളത്. ഇപ്പോൾ, ഏഷ്യ കപ്പ് 2022-ലെ ഇന്ത്യ പാകിസ്ഥാൻ മത്സരം പടിവാതിൽക്കൽ വന്നു നിൽക്കുകയാണ്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് സാക്ഷികളാവാം.

ഇപ്പോൾ, ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്രർ സെവാഗ്. 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരമാണ് സെവാഗിന്റെ ഓർമ്മകളിലേക്ക് വരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും തമ്മിൽ നടന്ന പോരാട്ടമാണ് സവാഗ് ഓർത്തെടുക്കുന്നത്. ഇന്ത്യ വിജയിച്ച മത്സരത്തിൽ, സച്ചിൻ 98 റൺസ് എടുത്തിരുന്നു.

“സച്ചിൻ അപ്പോഴേക്കും പരിചയസമ്പന്നനായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഈ നിർണായകമായ ലോകകപ്പ് മത്സരത്തിൽ, താൻ മികച്ച പ്രകടനം നടത്തണം എന്ന് സച്ചിന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. എന്നാൽ, മത്സരത്തിൽ സച്ചിന് പേശിവലിവ് അനുഭവപ്പെട്ടു അദ്ദേഹത്തിന് റൺ ചെയ്യാൻ സാധിക്കാതെയായി. അങ്ങനെ അദ്ദേഹത്തിന്റെ ബൈ റണ്ണറായി ഞാൻ എത്തി,” സെവാഗ് പറയുന്നു.

“പാക് താരങ്ങൾ അദ്ദേഹത്തെ സ്‌ലഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ള കളിക്കാരുടെ ആക്ഷേപത്തിന് ചെവി കൊടുക്കാതെ സച്ചിൻ തന്റെ ബാറ്റിംഗിൽ ശ്രദ്ധ പുലർത്തി. പാക് കളിക്കാരുടെ അധിക്ഷേപങ്ങൾ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഏകാഗ്രതയെ തടസ്സപ്പെടുത്തിയില്ല. സച്ചിൻ അന്ന് ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്തു, ആ മത്സരം എന്നും എന്റെ ഓർമ്മകളിൽ നിലനിൽക്കും,” സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു ഷോയിൽ മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.