ആദ്യം സൂര്യ പിന്നെ ബൗളർമാർ!! കിവീസിനെ വീഴ്ത്തി ഇന്ത്യൻ സംഘം

ഇന്ത്യ : ന്യൂസിലാൻഡ് രണ്ടാം ടി :20 മാച്ചിൽ മിന്നും ജയം നേടി ടീം ഇന്ത്യ. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ഇന്ത്യൻ സംഘം 65 റൺസ് ജയമാണ് കരസ്ഥമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 6 വിക്കെറ്റ് നഷ്ടത്തിൽ 191 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് ടീം അടിച്ചെടുത്തത് 126 റൺസ് മാത്രം.

ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് സൂര്യകുമാർ യാദവാണ് എങ്കിൽ ബൗളിങ്ങിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത് പേസർമാരും സ്പിൻ ബൗളർമാരും തന്നെ. ആദ്യത്തെ ഓവറിൽ തന്നെ പേസർ ഭുവി വിക്കെറ്റ് വീഴ്ത്തിയത് കിവീസ് ക്യാമ്പിൽ ഞെട്ടലായി മാറി.

ശേഷം എത്തിയ സിറാജ്, ചാഹൽ എന്നിവരും ബോൾ കോണ്ട് അവരുടെ റോൾ മനോഹരമാക്കി. ഇന്ത്യക്കായി സിറാജ്, ചാഹൽ എന്നിവർ രണ്ട് വിക്കെറ്റ് വീഴ്ത്തിയപ്പോൾ ദീപക് ഹൂഡ 4 വിക്കെറ്റ് സ്വന്തമാക്കി.2.5 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങിയാണ് ദീപക് ഹൂഡ നാല് വിക്കെറ്റ് നേടിയത്.

അതേസമയം ആദ്യം ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്കായി അസാധ്യ ബാറ്റിംഗ് കാഴ്ചവെച്ചത് സൂര്യകുമാർ യാദവാണ്. തന്റെ രണ്ടാം അന്താരാഷ്ട്ര ടി :20 സെഞ്ച്വറി നേടിയ സൂര്യ വെറും 51 ബോളിൽ 11 ഫോറും 7 സിക്സ് അടക്കമാണ് 111 റൺസ് അടിച്ചെടുത്തത്. സൂര്യ 360 ഡിഗ്രി ഷോട്ടുകൾ നിറഞ്ഞ സ്പെഷ്യൽ ഇന്നിങ്സ് തന്നെയാണ് ഇന്ത്യൻ സ്കോർ 191ലേക്ക് എത്തിച്ചത്. സൂര്യ കുമാർ യാദവ് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. നേരത്തെ ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ കിവീസ് പേസർ സൗത്തീ ഹാട്രിക്ക് നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.