ഫോമിന്റെ രാജാവായി സിക്കന്ദർ റാസ!!നാണക്കേടിൽ ഏകദിന പരമ്പര കൈവിട്ട് ബംഗ്ലാദേശ്

സിംബാബ്‌വെ – ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെ 5 വിക്കറ്റിന് വിജയിച്ചു. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ, ഓൾറൗണ്ടർ സിക്കന്ദർ റാസയുടെ ഗംഭീര പ്രകടനമാണ് സിംബാബ്‌വെക്ക് ജയം സമ്മാനിച്ചത്. ഇതോടെ, ടി20 പരമ്പരക്ക് (2-1) പിന്നാലെ, മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഒരു മത്സരം ശേഷിക്കേ (2-0) സിംബാബ്‌വെ പരമ്പര നേട്ടം ഉറപ്പിച്ചു.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ്, ക്യാപ്റ്റൻ തമിം ഇക്ബാൽ (50), മഹ്മുദുല്ല (80*), അഫിഫ് ഹുസൈൻ (41), നജ്മുൽ ഹുസൈൻ ഷാന്റോ (38) എന്നിവരുടെ ബാറ്റിംഗ് പിൻബലത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടി. സിംബാബ്‌വെക്കായി സിക്കന്ദർ റാസ 3-ഉം, വെസ്ലി മദെവീരെ 2-ഉം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെക്ക് തുടക്കം അത്ര മികച്ചത് ആയിരുന്നില്ല. ഓപ്പണർ തദിവനഷി മറുമാനി (25) മാത്രമാണ് സിംബാബ്‌വെ ടോപ് ഓർഡറിലെ ആദ്യ നാല് പേരിൽ രണ്ടക്കം സ്കോർ ചെയ്തത്. തുടർന്ന്, സിക്കന്ദർ റാസയും ക്യാപ്റ്റൻ റെജിസ്‌ ചകാബ്വവെയും ചേർന്നാണ് സിംബാബ്‌വെയെ ജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് 5-ാം വിക്കറ്റിൽ 201 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

127 ബോളിൽ 8 ഫോറും 4 സിക്സും സഹിതം 117* റൺസ് എടുത്ത് പുറത്താകാതെ നിൽക്കുകയും, ബൗളിംഗിൽ 3 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത സിക്കന്ദർ റാസയാണ്‌ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, 75 പന്തിൽ 10 ഫോറും 2 സിക്സും സഹിതം 102 റൺസാണ് സിംബാബ്‌വെ ക്യാപ്റ്റൻ ചകാബ്വവെയുടെ സമ്പാദ്യം. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യക്കെതിരെയാണ് സിംബാബ്‌വെയുടെ ഏകദിന പരമ്പര.