സഞ്ജുവും ശ്രേയസ് അയ്യരും ഒന്നും വേണ്ട! ഇന്ത്യയുടെ മധ്യനിരയിൽ ഈ ഒരു ബാറ്റർ മാത്രം മതി ; മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ പറയുന്നു

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ഇന്ന് (ജൂലൈ 22) ആരംഭിക്കാനിരിക്കെ, ഇപ്പോഴും ഇന്ത്യൻ ലൈനപ്പിൽ അനിശ്ചിതത്വം തുടരുകയാണ്. ക്രിക്കറ്റ് ആരാധകർക്കിടയിലും മുൻ താരങ്ങൾക്കിടയിലും, ഇന്ത്യയുടെ ലൈനപ്പിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. പ്രധാനമായും സീനിയർ താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവനിര സ്‌ക്വാഡിൽ ഇടംപിടിച്ചതോടെ ആർക്കൊക്കെയാകും പ്ലെയിങ് ഇലവനിൽ അവസരം നൽകുക എന്നത് ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ്‌ നിലനിർത്തുന്നത്.

ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് തന്നെയാണ് ഇപ്പോഴും ചർച്ചാവിഷയം. കാരണം, മധ്യനിരയിലെ 4,5 പൊസിഷനുകൾക്കായി പ്രധാനമായും മൂന്ന് താരങ്ങളാണ് ഇപ്പോൾ സജീവമായി മത്സര രംഗത്തുള്ളത്. ഇവരിൽ, ആരാകും 4-ാം നമ്പറിൽ ഇടം നേടുക എന്നതും ഒരു ചോദ്യമാണ്. കാരണം നിലവിൽ ഇന്ത്യയുടെ മെയിൻ ടീമിൽ നാലാം നമ്പറിൽ ഒരു സ്ഥിര കളിക്കാരൻ ഇല്ല. അതുകൊണ്ടുതന്നെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ 4-ാം നമ്പറിൽ തിളങ്ങാൻ സാധിക്കുന്ന ബാറ്റർക്ക്, ഭാവിയിൽ ആ പൊസിഷൻ നിലനിർത്താൻ അവസരമുണ്ട്.

ഇപ്പോൾ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ സ്കോട് സ്റ്റൈരിസ്, ഇന്ത്യയുടെ 4-ാം നമ്പർ ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ്. “ഇന്ത്യയുടെ 4-ാം നമ്പറിൽ ആര് ബാറ്റ്‌ ചെയ്യും എന്ന് എന്നോട് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേ ഉള്ളു, സൂര്യകുമാർ യാദവ്. ഈ ലോകത്ത് എന്നേക്കാൾ വലിയ സൂര്യകുമാറിന്റെ ആരാധകർ വളരെ കുറവായിരിക്കും. രോഹിത്, രാഹുൽ, കോഹ്‌ലി എന്നിവർക്ക് ശേഷം സൂര്യകുമാർ കൂടി ഭാവിയിൽ ഇന്ത്യൻ ലൈനപ്പിൽ വന്നാൽ, എതിരാളികൾ ഒന്ന് ഭയക്കും,” സ്കോട് സ്റ്റൈരിസ് പറയുന്നു.

“സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവരെല്ലാം ഈ സ്ഥാനത്തേക്ക് പരിഗണനയിൽ ഉണ്ട് എന്ന് എനിക്കറിയാം. എന്നാൽ, അവരെയെല്ലാം മറികടന്ന് ഞാൻ സൂര്യകുമാർ യാദവിനെ പിന്തുണക്കും. അവൻ മുംബൈക്ക് വേണ്ടിയാണ് കളിക്കുന്നത്, വലിയ കാണികൾക്ക് മുന്നിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് ബാറ്റ് ചെയ്തവനാണ്. അതുകൊണ്ടുതന്നെ സൂര്യകുമാറിന് ഏത് സമ്മർദ്ദ ഘട്ടത്തെയും തരണം ചെയ്യാൻ സാധിക്കും,” സ്കോട് സ്റ്റൈരിസ് പറഞ്ഞു.