എല്ലാത്തിനും നന്ദി….. മറക്കില്ല ഇതൊന്നും ഞാൻ!! സ്പെഷ്യൽ പോസ്റ്റുമായി ജലജ് സക്സേന
രഞ്ജി ട്രോഫി 2022-23 സീസണിന്റെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് ടീം കേരള. എന്നിരുന്നാലും, കേരളത്തിനായി ഈ സീസണിൽ നിരവധി കളിക്കാർ മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി. അതിൽ ഒരാളാണ് കേരള ടീമിന്റെ ഓൾറൗണ്ടർ ജലജ് സക്സേന. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ, രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനും ജലജ് സക്സേനയാണ്. 7 കളികളിൽ നിന്ന് 50 വിക്കറ്റുകൾ ആണ് ജലജ് സക്സേന വീഴ്ത്തിയത്.
ഗ്രൂപ്പ് സ്റ്റേജിലെ 7 മത്സരങ്ങളിൽ, 6 അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ കൈവരിച്ചാണ് ജലജ് സക്സേന 50 വിക്കറ്റുകൾ നേടിയത്. കേരള ടീമിനായി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയതിൽ, കേരള ടീമിന് നന്ദി അറിയിച്ചതിനൊപ്പം ജലജ് സക്സേന തന്റെ സന്തോഷവും പങ്കുവെച്ചു. “വളരെ കഴിവുള്ള ഈ ടീമിന്റെ ഭാഗമാകുന്നത് എല്ലായ്‌പ്പോഴും ഒരു ബഹുമതിയും പദവിയും ആണ്. 400 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ തികയ്ക്കുകയും ആറ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഒരു സീസണിൽ 50 വിക്കറ്റുകൾ നേടുകയും ചെയ്യുക എന്നത് ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒരു പ്രത്യേക വികാരമായിരിക്കും,” ജലജ് സക്സേന തുടർന്നു.

“എല്ലാ പിന്തുണക്കും വിയർപ്പിനും അർപ്പണബോധത്തിനും എല്ലാവർക്കും നന്ദി. നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ,” ജലജ് സക്സേന തന്റെ ഫേസ്ബുക് ഹാൻഡിൽ എഴുതി. കേരള ടീമിന് വേണ്ടി വളരെ സ്ഥിരതയാർന്ന പ്രകടനമാണ് ജലജ് സക്സേന കാഴ്ചവച്ചത്. 2.75 ഇക്കോണമി റേറ്റിൽ 19.25 ശരാശരിയിൽ ആണ് ജലജ് സക്സേന തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലെ ഒന്ന് ഈ സീസണിൽ പുറത്തെടുത്തത്.
വിജയത്തോടെയാണ് കേരളം ഈ രഞ്ജി സീസണ് തുടക്കമിട്ടത്. എന്നാൽ, ഗോവക്കെതിരെ വഴങ്ങിയ പരാജയം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തുരങ്കം വെച്ചു. നിർണ്ണായകമായ അവസാന മത്സരത്തിൽ പുതുച്ചേരിക്കെതിരെ സമനില വഴങ്ങിയത് കേരളത്തിന് തിരിച്ചടിയായി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് ലീഡ് നേടാൻ ആകാതെ വന്നതോടെ, 7 കളികളിൽ നിന്ന് 21 പോയിന്റുകളുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി ആണ് കേരളം ഫിനിഷ് ചെയ്തത്.