വെസ്റ്റ് ഇൻഡീസ് കണ്ടെത്തിയ ബ്രയൻ ലാറയുടെ പിന്മുറക്കാരൻ 😱കരിയറിൽ സംഭവിച്ചത് ട്വിസ്റ്റ്‌

ഗുയാനയിലെ വെകെനാം ഐലൻഡിൽ ജനനം, ശേഷം, എസെക്വിബോ നദിക്ക് ചുറ്റുമുള്ള തെക്കേ അമേരിക്കൻ മഴക്കാടുകളിലാണ് ഇന്ത്യയിൽ വേരുകളുള്ള രാംനരേഷ് സർവൻ എന്ന വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ വളർന്നത്. വെസ്റ്റ് ഇൻഡീസിന് വേണ്ടി പാകിസ്ഥാനെതിരായ ടെസ്റ്റ്‌ മത്സരത്തിൽ 2000-ത്തിൽ അരങ്ങേറ്റം, അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ സഖലൈൻ മുസ്താഖും, വഖാർ യൂനിസും, വസീം അക്രവും നയിച്ച പാകിസ്ഥാൻ ബൗളിംഗ് ആക്രമണത്തെ നിർഭയം നേരിട്ട് പുറത്താകാതെ 86 റൺസ് നേടിയ ആ 20-കാരനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടെഡ് ഡെക്‌സ്റ്റർ ഇങ്ങനെ പറഞ്ഞു.

“അവൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ 50-ലധികം ശരാശരിയിൽ ബാറ്റ് ചെയ്യും.” ഒരു കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നിറഞ്ഞ പ്രോത്സാഹനമായി ഇത്‌ തോന്നാമെങ്കിലും, അതിലുപരി ഈ പ്രവചനം ഒരു വലിയ ഭാരം വിൻഡീസ് താരത്തിന്റെ മുതുകിൽ കയറ്റി വെച്ചു. എന്നാൽ, 2000-ൽ ഇംഗ്ലണ്ടിലേക്കുള്ള തന്റെ ആദ്യ പര്യടനത്തിൽ, മികച്ച ശരാശരിയിൽ ബാറ്റേന്തിയ സർവൻ, തനിക്ക് ലഭിച്ച ഹൈപ്പിന് അനുസൃതമായി കരിയർ മുന്നോട്ട് കൊണ്ടുപോയി. പിന്നീടുള്ള, അദ്ദേഹത്തിന്റെ യാത്ര അതിശയകരമാംവിധം ആത്മവിശ്വാസം നിറഞ്ഞതും കൃത്യവുമായിരുന്നു.

എന്നിരുന്നാലും, തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിക്കാൻ 28 മത്സരങ്ങളും 49 ഇന്നിംഗ്‌സുകളും സർവന് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ, 2002-ൽ 119 റൺസ് നേടി കന്നി ടെസ്റ്റ് സെഞ്ച്വറി രേഖപ്പെടുത്തിയ സർവൻ, ഗ്രഹാം ഗൂച്ചിനെയും സ്റ്റീവ് വോയെയും പോലുള്ളവർ സാക്ഷ്യപ്പെടുത്തുന്നതുപോലെ ആദ്യ തവണ മാത്രമാണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് തെളിയിച്ചു. 2003-ൽ 22-ാം വയസ്സിൽ ബ്രയാൻ ലാറയുടെ വൈസ് ക്യാപ്റ്റനായി ചുമതലയേറ്റ സർവൻ, 2007-ൽ ലാറയുടെ വിരമിക്കലോടെ വിൻഡീസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുത്തു.

എന്നാൽ, ആ നായക പദവിയുടെ ആയുസ് വളരെ ചുരുങ്ങിയ കാലം മാത്രമായിയിരുന്നു. 2007-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിൽ ഏറ്റ പരിക്ക്, സർവനെ 10 മാസം കളിക്കളത്തിന് പുറത്തിരുത്തി. തുടർന്ന്, 2008-ൽ ടീമിലേക്ക് മടങ്ങിയെത്തിയ സർവനെ വിൻഡീസ് ക്രിക്കറ്റ്‌ ബോർഡ്‌ ക്രിസ് ഗെയ്ലിന്റെ വൈസ് ക്യാപ്റ്റൻ ആയി നിയമിച്ചു. പരിക്കിന് തന്നിലെ ക്രിക്കറ്ററെ കൂച്ചുവിലങ്ങിടാൻ സാധിച്ചില്ല എന്ന് തെളിയിച്ച തിരിച്ചുവരവിൽ, 2009-ൽ ഇംഗ്ലണ്ടിനെതിരെ 291 റൺസ് നേടി, തന്റെ ഉയർന്ന വ്യക്തിഗത സ്കോറും കുറിച്ചു അദ്ദേഹം. പിന്നീട്, പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ട സർവൻ, 2013-ന് ശേഷം വിൻഡീസ് കുപ്പായം അണിഞ്ഞിട്ടില്ല. ഒടുവിൽ, എല്ലാം തികഞ്ഞ പോരാളിയെ പോലെ അയാൾ 2016-ൽ ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിക്കുയാണ് എന്ന് പ്രഖ്യാപിച്ചു.