ഞാനും ഒരു മനുഷ്യനാണ് യന്ത്രമല്ല,അത് എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികൾ : വെളിപ്പെടുത്തി സർഫ്രാസ് ഖാൻ

ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ചിട്ടും ഇന്ത്യൻ ടീമിൽ അവസരത്തിനായി ദീർഘകാലമായി കാത്തിരിക്കുന്ന നിരവധി കളിക്കാരുണ്ട്. ഇക്കൂട്ടത്തിലെ പ്രമുഖ കളിക്കാരിൽ ഒരാളാണ് മുംബൈക്കാരനായ സർഫ്രാസ് ഖാൻ. തന്റെ 16-ാമത്തെ വയസ്സ് മുതൽ സർഫ്രാസ് ഖാൻ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ് തുടങ്ങിയ ഐപിഎൽ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സർഫ്രാസ് ഖാൻ, നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്.

ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ എടുക്കുന്നില്ല എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് സർഫ്രാസ് ഖാൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, പലപ്പോഴും ഇന്ത്യൻ ടീം പ്രഖ്യാപിക്കുന്ന വേളകളിൽ തനിക്ക് ഉറങ്ങാൻ പോലും സാധിക്കാറില്ല എന്ന് സർഫ്രാസ് ഖാൻ തുറന്നു പറഞ്ഞിരിക്കുകയാണ്. “എന്തുകൊണ്ടാണ് എന്നെ ഇന്ത്യൻ ടീം പരിഗണിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” സർഫ്രാസ് ഖാൻ പറയുന്നു.

“ഓരോ തവണ ഇന്ത്യൻ ടീം പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. ഏറ്റവും ഒടുവിൽ വരാനിരിക്കുന്ന പരമ്പരക്കായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ഞാൻ ആസാമിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. അന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ പോലും സാധിച്ചില്ല. എന്തുകൊണ്ടാണ് ഇന്ത്യൻ ടീം എന്നെ പരിഗണിക്കാത്തത് എന്നതായിരുന്നു എന്റെ ചിന്ത. ശേഷം ഞാൻ എന്റെ പിതാവിനെ വിളിച്ചു, അദ്ദേഹത്തോട് ഒരുപാട് സമയം സംസാരിച്ചു,” സർഫ്രാസ് ഖാൻ പറഞ്ഞു.

“നീ റൺസ് നേടുന്നത് തുടരുക, ബാക്കിയെല്ലാം നിന്നെ തേടി വരും, നിന്റെ അവസരത്തിനായി കാത്തിരിക്കുക, എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തോട് സംസാരിച്ച ശേഷമാണ് എനിക്ക് അല്പം ആശ്വാസം തോന്നിയത്,” മുംബൈ ബാറ്റർ പറഞ്ഞു. “എന്നെ കാണാത്തവർ എന്റെ കണക്കുകൾ എങ്കിലും കാണട്ടെ എന്ന് കരുതിയാണ് ഞാൻ അത് പോസ്റ്റ് ചെയ്തത്. ഞാനും ഒരു മനുഷ്യനാണ് യന്ത്രമല്ല. അതുകൊണ്ടുതന്നെ വികാരങ്ങൾ എനിക്കുമുണ്ടാകും,” ദേശീയ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിന് പിന്നാലെ സർഫ്രാസ് ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിനെ കുറിച്ച് സംസാരിച്ചു.

Rate this post