ഫൈനലിൽ സെഞ്ച്വറി കണ്ണീർ പൊഴിച്ച് സർഫ്രാസ്!!! സാക്ഷാൽ ബ്രാഡ്മോനൊപ്പം റൺസ്‌ നേട്ടത്തിൽ എത്തി താരം

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന താരങ്ങളാണ് പിന്നീട് ഇന്ത്യൻ കുപ്പായത്തിൽ ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണ് മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ. പുരോഗമിക്കുന്ന രഞ്ജി സീസണിൽ മുംബൈയെ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ച താരമാണ് സർഫ്രാസ് ഖാൻ. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത് അന്താരാഷ്ട്ര ടെസ്റ്റ് വാതിലിൽ അവസരത്തിനായി കാത്തുനിൽക്കുകയാണ് സർഫ്രാസ് ഖാൻ.

പുരോഗമിക്കുന്ന ഫൈനൽ മത്സരത്തിൽ മധ്യപ്രദേശിനെതിരെ 243 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം 134 റൺസെടുത്ത സർഫ്രാസ്, ടൂർണമെന്റിലെ തന്റെ നാലാം സെഞ്ചുറിയാണ് രേഖപ്പെടുത്തിയത്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സർഫ്രാസ് നടത്തിയ സെലിബ്രേഷൻ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയത്. സെഞ്ച്വറിക്ക് പിന്നാലെ ആനന്ദക്കണ്ണീർ പൊഴിച്ചുകൊണ്ട് ആരാധകരെ നോക്കി ആക്രോശിച്ച് ആണ് സർഫ്രാസ് തന്റെ ആഘോഷ പ്രകടനങ്ങൾ നടത്തിയത്. ശേഷം ശിഖർ ധവാൻ സ്റ്റൈലിൽ, തുടയിൽ അടിച്ച് തന്റെ ആഹ്ലാധം സർഫ്രാസ് അറിയിച്ചു.

ടൂർണമെന്റിൽ ഇതുവരെ 6 മത്സരങ്ങളിൽനിന്ന് 135.14 ശരാശരിയിൽ 946 റൺസ് ആണ് സർഫ്രാസിന്റെ സമ്പാദ്യം. 69.30 സ്ട്രൈക്ക് റേറ്റിൽ ബാറ്റ്‌ വീശിയ സർഫ്രാസ്, 4 സെഞ്ച്വറികളും 2 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 275 റൺസാണ് മുംബൈ താരത്തിന്റെ ഉയർന്ന സ്കോർ.

രഞ്ജി കരിയറിൽ ഇതുവരെ 24 മത്സരങ്ങൾ കളിച്ച സർഫ്രാസ് ഖാൻ, 81.05 ശരാശരിയിൽ 71.63 സ്ട്രൈക്ക് റേറ്റോടെ 2351 റൺസ് നേടിയിട്ടുണ്ട്. 7 വീതം സെഞ്ച്വറികളും അർധസെഞ്ച്വറികളും നേടിയ സർഫ്രാസിന്റെ കരിയറിലെ ഉയർന്ന സ്കോർ, 301* റൺസാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രണ്ടായിരത്തിന് മുകളിൽ റൺസ് സ്കോർ ചെയ്ത ബാറ്റർമാരിൽ, ശരാശരിയുടെ കണക്കെടുത്താൽ സാക്ഷാൽ സർ ഡൊണാൾഡ് ബ്രാഡ്മാന് ശേഷം രണ്ടാമനാണ് സർഫ്രാസ് ഖാൻ.