ഇന്ത്യൻ ജഴ്സി നോട്ടമിട്ട് സർഫ്രാസ് ഖാൻ ; നാല് കളികളിൽനിന്ന് 700-ന് മുകളിൽ റൺസ് കണ്ടെത്തി യുവതാരം

മികച്ച കളിക്കാരെ കൊണ്ട് സമ്പന്നമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുക എന്നത് വളരെ കഠിനാധ്വാനം വേണ്ടതും ഭാഗ്യം വേണ്ടതുമായ ഒന്നാണ്. രഞ്ജിട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണ്ണമെന്റുകളിൽ കഴിവ് തെളിയിച്ചവർക്കാണ് മിക്കവാറും ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കാറുള്ളത്. ഇത്തരത്തിൽ രഞ്ജിയിൽ ക്രിക്കറ്റ് ആരാധകരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ജേഴ്‌സി നോട്ടമിടുകയാണ് മുംബൈയുടെ യുവതാരം സർഫ്രാസ് ഖാൻ.

2019-20 സീസണിൽ ഉത്തർപ്രദേശിനായി കളിച്ച സർഫ്രാസ്, തൊട്ടടുത്ത സീസണിൽ മുംബൈ ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 2020-21 സീസണിൽ മുംബൈക്ക് വേണ്ടി 154.66 ശരാശരിയിൽ 928 റൺസാണ് സർഫ്രാസ് നേടിയത്. ഇതിൽ, 301, 226, 177 എന്നിങ്ങനെ മൂന്ന് വലിയ നോക്കുകളും ഉൾപ്പെടുന്നു. ഈ പ്രകടനത്തിന്റെ ഫലമായിയാണ് ഐപിഎൽ 2022 താരലേലത്തിൽ സർഫ്രാസ് ഖാനെ ഡൽഹി ക്യാപിറ്റൽസ്‌ സ്വന്തമാക്കിയത്.

എന്നാൽ, ഇന്ത്യൻ ജഴ്സി സ്വപ്നം കാണുന്ന സർഫ്രാസ് ഇപ്പോൾ പുരോഗമിക്കുന്ന 2021-22 സീസണിൽ തന്റെ ഫോം കൂടുതൽ മെച്ചപ്പെടുത്തി ഗംഭീര ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണിൽ, ഇതുവരെ നാല് മത്സരങ്ങളിൽ 140.80 ശരാശരിയിൽ നിന്ന് 704 റൺസ് സർഫ്രാസ് നേടിയിട്ടുണ്ട്. 275, 165, 153 എന്നീ ഉയർന്ന സ്കോറുകളും സർഫ്രാസ് ഈ സീസണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വരും പരമ്പരകളിൽ ഇന്ത്യൻ ടീമിലേക്കുള്ള സ്ഥാനം കണ്ടെത്തുന്നതിനുള്ള ഒരു മത്സരാർത്ഥിയായി സർഫ്രാസും ഉണ്ടാകുമെന്ന് തീർച്ചയാണ്.

നേരത്തെ, മുംബൈ കിരീടം നേടിയ 2015-16 മുതലുള്ള രഞ്ജി താരങ്ങളെ പരിശോധിച്ചാൽ, സെലക്ടർമാർ അവർക്ക് ഒരു ഫോർമാറ്റിൽ അല്ലെങ്കിൽ മറ്റൊന്നിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നൽകിയിട്ടുണ്ടെന്ന് കാണാൻ കഴിയും. 2015-16 ൽ 11 മത്സരങ്ങളിൽ നിന്ന് 1,321 റൺസ് നേടിയ ശ്രേയസ് അയ്യർ, 2016-17 ൽ ഡൽഹിക്കായി 972 റൺസ് നേടിയ ഋഷഭ് പന്ത്, 2017-18 ൽ 8 മത്സരങ്ങളിൽ നിന്ന് 1,160 റൺസ് നേടിയ മായങ്ക് അഗർവാൾ, അതേ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 752 റൺസ് നേടിയ ഹനുമ വിഹാരി, 2018-19 ൽ 1,310 റൺസ് നേടിയ പ്രിയങ്ക് പാഞ്ചൽ എന്നിവരെല്ലാം ഇതിനോടകം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.