Latest News;സഞ്ജു ലോകകപ്പ് കളിക്കുമോ 😱സാധ്യതൾ ഇങ്ങനെ

ഫെബ്രുവരി 24-ന് ആരംഭിക്കുന്ന ഇന്ത്യ – ശ്രീലങ്ക ടി20, ടെസ്റ്റ്‌ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ശനിയാഴ്ച്ച പ്രഖ്യാപിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിതനായ രോഹിത് ശർമ്മയെ റെഡ് ബോൾ ഫോർമാറ്റിലും മുഴുവൻ സമയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമായി.

ടി20 ടീമിലേക്ക് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ തിരിച്ചുവിളിച്ചത് ടി20 ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമായി. 2021-ൽ സീനിയർ താരങ്ങളുടെ അഭാവത്തിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട സഞ്ജു, സീനിയൻ താരങ്ങളുടെ തിരിച്ചു വരവോടെ ടീമിൽ നിന്ന് പുറത്തുപോയിരുന്നു. ഇപ്പോൾ, വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് വീണ്ടും സഞ്ജുവിനെ തേടി ഇന്ത്യൻ കോൾ-അപ്പ് ലഭിച്ചത്.

എന്നാൽ, ഈ തിരിച്ചുവരവ് വെറുതേ ആവില്ല എന്ന സൂചനകളാണ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. സെലക്ഷൻ കമ്മിറ്റി, ഇപ്പോൾ 2022 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കുന്നതിനുള്ള പദ്ധതികൾ പ്ലാൻ ചെയ്യുകയാണ് എന്ന് പറഞ്ഞ ചേതൻ ശർമ്മ, സഞ്ജു സാംസൺ ആ പദ്ധതിയുടെ ഭാഗമാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു.

“സഞ്ജു, ഞങ്ങളുടെ പദ്ധതിയിൽ ഉണ്ട്. ആരാണ് ഓസ്ട്രേലിയൻ പിച്ചിൽ മികച്ച രീതിയിൽ കളിക്കുക എന്ന് കണ്ടെത്തേണ്ടതുണ്ട്. (2022 ടി20 ലോകകപ്പ്) ടീമിനെ ഒരുക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം,” ടീം പ്രഖ്യാപനത്തിന് ശേഷം ചേതൻ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇഷാൻ കിഷന്റെ ഫോമില്ലായ്മ മുതലെടുത്ത് ശ്രീലങ്കൻ പരമ്പരയിൽ സഞ്ജുവിന് തിളങ്ങാനായാൽ, അത് സഞ്ജുവിന് ലോകകപ്പിലേക്കുള്ള വഴി തുറന്നിടും എന്ന് തീർച്ചയാണ്.