ഞാൻ വരുമ്പോൾ സഞ്ജു ചേട്ടാ വിളികൾ ഉയരുന്നു!!സന്തോഷം വെളിപ്പെടുത്തി സഞ്ജു സാംസൺ

ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് നേടി. രണ്ടാം ഏകദിന മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ഇന്ന് 13 പന്തിൽ 2 സിക്സ് ഉൾപ്പടെ 15 റൺസ് നേടി. ജോങ്വെയുടെ ബോളിൽ കൈറ്റാനൊക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.

മത്സരത്തിന് തൊട്ടുമുമ്പ് സഞ്ജു സോണി സ്പോർട്സ് നെറ്റ്വർക്കിന് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ മത്സരത്തിനെ കുറിച്ച് സംസാരിച്ചാണ് സഞ്ജു തുടങ്ങിയത്. മധ്യനിരയിൽ ഇത്രയും കൂടുതൽ സമയം തനിക്ക് നിൽക്കാൻ ആകുമെന്ന് താൻ ആദ്യം പ്രതീക്ഷിച്ചിരുന്നില്ല എന്നും, എന്നാൽ പിന്നീട് താൻ എൻജോയ് ചെയ്താണ് കളിച്ചിരുന്നത് എന്നും സഞ്ജു പറഞ്ഞു. സിംബാബ്‌വെ പേസർമാർ ബൗൺസറും ബീമറുമെല്ലാം എറിഞ്ഞ് തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും താൻ അതിനെ വളരെ എൻജോയ് ചെയ്താണ് കളിച്ചത് എന്നും സഞ്ജു പറഞ്ഞു.

ഇത്രയും കഴിവുണ്ടായിട്ടും വളരെ കുറച്ച് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് താങ്കൾക്ക് കളിക്കാൻ സാധിച്ചത് അത് താങ്കൾക്കുണ്ടാക്കുന്ന പ്രഷർ എത്രമാത്രമാണെന്ന് അവതാരകൻ സഞ്ജുവിനോട് ചോദിച്ചു. “തീർച്ചയായും അത് ഒരു മാനസികമായ വെല്ലുവിളിയാണ്. എന്നാൽ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനെയും പോസിറ്റീവായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ പോലെ തന്നെ ആഭ്യന്തര മത്സരങ്ങളും ഞാൻ എൻജോയ് ചെയ്യുന്നു,” സഞ്ജു പറഞ്ഞു.

ഒടുവിൽ, സഞ്ജുവിന്റെ ആരാധക പിന്തുണയെ കുറിച്ചും അവതാരകൻ ചോദിക്കുകയുണ്ടായി. അതിന് മലയാളികൾക്ക് അഭിമാനമാകുന്ന തരത്തിലുള്ള മറുപടിയാണ് സഞ്ജു നൽകിയത്. “ഞാനൊരു മലയാളിയായതിൽ അഭിമാനിക്കുന്നു. ഞാനൊരു മലയാളിയായതുകൊണ്ട് മാത്രമാണ് ഇത്രയധികം ആരാധകർ എന്നെ പിന്തുണക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കളിക്കാൻ ഇറങ്ങുമ്പോൾ അവർ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്നത് എനിക്ക് വളരെ അഭിമാനമായി തോന്നുന്നു,” സഞ്ജു പറഞ്ഞു.

Rate this post